വൈക്കം : മാങ്ങാ പറിക്കുന്നതിനിടയിൽ മധ്യവയസ്കൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമൻ നായർ (കുഞ്ഞു മണി 60 ) ആണ് മരിച്ചത്. ഇരുമ്പു തോട്ടി ഉപയോഗിച്ച് മാങ്ങപറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
വൈകിട്ട് നാലരയോടെയാണ് സംഭവം. വഴിയാത്രക്കാർ വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വിഴിഞ്ഞം ചൊവ്വരയില്‍ തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടയിൽ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി അച്ഛനും മകനും മരിച്ചിരുന്നു. അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.
Also Read-വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ
കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണ്.
Also Read-ചക്ക ഇടുന്നതിനിടെ തലയിൽ വീണ് യുവതി മരിച്ചു
വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഫലം ശേഖരിക്കുമ്പോഴാണ് അപകടങ്ങളിൽ അധികവും സംഭവിക്കുന്നത്. പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് അപകടത്തിന് കാരണാമാകുന്നത്.
മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചിരുന്നു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electric Shock, Kseb