തിരുവനന്തപുരം: ബാലുശേരി എംഎൽഎ (Balussery MLA) സച്ചിൻദേവുമായുള്ള (Sachin Dev) വിവാഹ വാർത്തയിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ (Thiruvananthapuram Mayor) ആര്യ രാജേന്ദ്രൻ (Arya Rajendran). രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചത്. കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി. പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്. കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യം ആണ്. ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മിൽ മനസിലാക്കാൻ സാഹായിച്ചത്. വിവാഹം ഉടനേ ഉണ്ടാകില്ല- ആര്യ പ്രതികരിച്ചു.
നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയായ സച്ചിനും രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതിനു ശേഷമാണ് ആര്യയുടെ പ്രതികരണം. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിനുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
Related News-
Arya Rajendran | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
ബാലസംഘത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും മാതൃഭൂമി മുൻ ജീവനക്കാരൻ കാച്ചിലാട്ട് മണ്ണാരക്കൽ നന്ദകുമാറിന്റെയും മെഡിക്കൽ കോളജ് ഹൈസ്‌കൂൾ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിൻ ദേവ്. ദേവഗിരി സാവിയോ എച്ച്‌എസ്‌എസിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂളിലായിരുന്നു പ്ലസ് ടു. മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട് ലോ കോളേജിൽ ചേർന്നു. 2019ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു.
എസ്‌എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരുദ പഠനകാലത്ത് കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.