'നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?' മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ്റെ ഉപദേശം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രകോപനം ഒന്നുമില്ലാതെയായിരുന്നു മാധ്യമ പ്രവർത്തകരോട് തെണ്ടാൻ പൊയ്ക്കൂടെ എന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്റെ പ്രതികരണം
തിരുവനന്തപുരം: യാതൊരു പ്രകോപനവുമില്ലാതെ മാധ്യമപ്രവർത്തകർക്കെതിരെ അധിക്ഷേപ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ. ‘വേറെ ഒരു പണിയില്ലടെ? ഇതിനേക്കാൾ നീയൊക്കെ എന്നും തെണ്ടാൻ പോ’എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം.
യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ എം സി ദത്തനെ പൊലീസ് തടഞ്ഞു. ഈ സമയം അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിടാൻ പൊലീസ് തയാറായത്. ഇതിനുശേഷമായിരുന്നു മൈക്കുമായി നിന്ന മാധ്യമപ്രവര്‍ത്തകരോട് ശാസ്ത്ര ഉപദേഷ്ടാവിന്റെ തരംതാണ പ്രയോഗം.’വേറെ ഒരു പണിയില്ലടെ? ഇതിനേക്കാൾ നീയൊക്കെ എന്നും തെണ്ടാൻ പോ’ എന്നുമായിരുന്നു ലൈവ് സംപ്രേഷണത്തിനിടെ എം സി ദത്തന്റെ ചോദ്യം.
സംഭവത്ത കുറിച്ച് ന്യൂസ് 18 കേരള റിപ്പോർട്ടർ ഉമേഷ് ബാലകൃഷ്ണൻ പറയുന്നത്
പ്രകോപനം ഒന്നുമില്ലാതെയായിരുന്നു മാധ്യമ പ്രവർത്തകരോട് തെണ്ടാൻ പൊയ്ക്കൂടെ എന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്റെ പ്രതികരണം. ബാരിക്കേഡ് കടത്തി വിടാതെ പൊലീസ് തടഞ്ഞ എം സി ദത്തനെ മാധ്യമ പ്രവർത്തകർ ഇടപെട്ടതോടെയാണ് കടത്തി വിടുന്നത്. പൊലീസിനോട് കയർത്ത് സംസാരിച്ച ശേഷമായിരുന്നു എം സി ദത്തൻ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചത്..
advertisement
വിമർശിച്ച് വി ഡി സതീശനും കെ സുരേന്ദ്രനും
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവിന്റെ അധിക്ഷേപം അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. അഴിമതി ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രിക്കും ഒപ്പമുള്ളവർക്കും ധാർഷ്ട്യമെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്- ‘പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്റെ പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തുജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്’
advertisement
ആരാണ് എം സി ദത്തൻ?
പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ്എസ് സിയുടെ മുൻ ഡയറക്ടറും ആണ് എം സി ദത്തൻ. 43 വർഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലിചെയ്ത അദ്ദേഹം, ശ്രീഹരിക്കോട്ടയിൽ മുപ്പതിലധികം വിക്ഷേപണത്തിനു നേതൃത്വം നൽകി. ഡപ്യൂട്ടി ഡയറക്ടറായിരുന്ന എം സി ദത്തൻ 2008 മുതൽ 2012 വരെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ചാന്ദ്രദൗത്യമടക്കം ഇരുപത്തഞ്ചിലേറെ വിക്ഷേപണത്തിനു നേതൃത്വം നൽകി. ചൊവ്വാ ദൗത്യത്തിനുള്ള മംഗൽയാനെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള ലിക്വിഡ് അപ്പോജി റോക്കറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചു. ജി എസ് എൽ വി മാർക്ക് – 3, സ്പേസ് ഷട്ടിൽ (ആർഎൽവി-ടിഡി) തുടങ്ങിയ പദ്ധതികളിൽ പങ്കാളിത്തം. 2013ൽ വലിയമല എൽപിഎസ്‌സി ഡയറക്ടറായിരിക്കുമ്പോൾ തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറായി. 2016ൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 18, 2023 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?' മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ്റെ ഉപദേശം