'തൃശൂർ പൂരം റിപ്പോർട്ട് കിട്ടുന്നതിന് മുൻപേ മാധ്യമങ്ങൾ ഉള്ളടക്കം പ്രചരിപ്പിക്കുന്നു; വല്ലാത്ത നെറികേട്': മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
'മറ്റിടങ്ങളിൽ മാധ്യമങ്ങൾ നാടിനൊപ്പം നിൽക്കുമ്പോൾ ഇവിടെ നാടിന് എതിരാണ്. ചിലരെ മാധ്യമങ്ങൾ പൊക്കിപ്പിടിക്കുന്ന അവസ്ഥയുണ്ടല്ലോ'
തൃശൂർ: വലതുപക്ഷ മാധ്യമങ്ങൾ കേരളത്തോട് വല്ലാത്ത നെറികേടാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴീക്കോടൻ രാഘവന്റെ 52-ാമത് രക്തസാക്ഷിത്വ വാർഷികത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം റിപ്പോർട്ട് കിട്ടുന്നതിന് മുൻപേ മാധ്യമങ്ങൾ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
'തൃശൂർ പൂരം അലങ്കോലമാക്കാൻ നോക്കിയെന്ന് ആരോപണമുണ്ടായി. അത് അന്വേഷിക്കാൻ ഉത്തരവിട്ടു. 24നകം റിപ്പോർട്ട് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. നാളെ ഞാൻ തിരുവനന്തപുരത്തെത്തുമ്പോൾ റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചുവെന്ന് മാധ്യമങ്ങൾ പറയുന്നു. അതിൽ ഇങ്ങനെയൊക്കെയാണ് ഉള്ളതെന്ന് പ്രചരിപ്പിക്കുന്നു. ഞാൻ കണ്ടിട്ടില്ല. ഇവർക്ക് എങ്ങനെ റിപ്പോർട്ട് ലഭിച്ചു. വാർത്തകളിൽ അവരുടെ ആഗ്രഹം പറഞ്ഞുവയ്‌ക്കുന്നു. ആളുകളുടെ മനസ്സിൽ വല്ലാത്ത അന്തരീക്ഷ മുണ്ടാക്കാനാണിത്. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് വരുത്താനുള്ള ശ്രമം.
മാധ്യമങ്ങൾ പറയുന്നതല്ല റിപ്പോർട്ടിലുള്ളതെങ്കിൽ അവർ എന്തു ചെയ്യും. വയനാട്ടിലെ ദുരിതബാധിതരോടും ഇതുതന്നെയാണ് കാണിച്ചത്. എത്ര തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കേന്ദ്രത്തിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങൾ സഹായം നൽകിയെന്നുമുള്ള കാര്യങ്ങൾ മാധ്യമങ്ങൾ കാണുന്നില്ല. മറ്റിടങ്ങളിൽ മാധ്യമങ്ങൾ നാടിനൊപ്പം നിൽക്കുമ്പോൾ ഇവിടെ നാടിന് എതിരാണ്. ചിലരെ മാധ്യമങ്ങൾ പൊക്കിപ്പിടിക്കുന്ന അവസ്ഥയുണ്ടല്ലോ. സാധാരണക്കാരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 60 ലക്ഷം പേർക്ക് 1600 രൂപ പെൻഷൻ നൽകുന്നത് ചിലർ ധൂർത്തെന്ന് പറയുന്നുണ്ട്. സാധാരണക്കാർ അർഹിക്കുന്നതാണ് പെൻഷൻ. പെൻഷൻ ഇനിയും ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്.
advertisement
സിപിഐ എമ്മിന്റെ ജീവനാഡിയായി പ്രവർത്തിച്ച സഖാവായിരുന്നു അഴീക്കോടൻ. സൗമ്യനും വശ്യമായി പെരുമാറുന്നയാളും ശാന്തനുമായ അദ്ദേഹത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് വലതുപക്ഷം തീരുമാനിച്ചു. അഴീക്കോടനെ എന്തെല്ലാമായാണ് വലതുപക്ഷ മാധ്യമങ്ങൾ ചിത്രീകരിച്ചത്. രക്തസാക്ഷിയായപ്പോഴാണ് മനസ്സിലായത് വാടക വീട്ടിലായിരുന്നു താമസമെന്ന്' -മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 24, 2024 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃശൂർ പൂരം റിപ്പോർട്ട് കിട്ടുന്നതിന് മുൻപേ മാധ്യമങ്ങൾ ഉള്ളടക്കം പ്രചരിപ്പിക്കുന്നു; വല്ലാത്ത നെറികേട്': മുഖ്യമന്ത്രി


