എം.ഐ ഷാനവാസ് എം.പി അന്തരിച്ചു
Last Updated:
കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസ്(67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ മൂലം ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. എം. ഐ ഷാനവാസിന്റെ മൃതദേഹം ഇന്ന് 12.30 നുളള വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിക്കും. വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് മൂന്നു മണിമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് കലൂർ തോട്ടത്തുംപടി ഖബറിസ്ഥാനിൽ നടക്കും.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് നേതൃനിരയിലെത്തിയ എംഐ ഷാനവാസ് അര നൂറ്റാണ്ടിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ചരിത്ര സന്ദർഭങ്ങളിൽ പങ്കാളിയായിരുന്നു. തിരുത്തൽ വാദകാലത്ത് ലീഡർ കെ കരുണാകരനെതിരെ യുദ്ധം ചെയ്താണ് എംഐ ഷാനവാസ് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുൻ നിരയിൽ വന്നു നിന്നത്. ജി കാർത്തികേയനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം ഷാനവാസ് അന്ന് ലീഡറോട് പടവെട്ടി.
എറണാകുളത്തെ പ്രശസ്ത അഭിഭാഷകൻ എം വി ഇബ്രാഹിം കുട്ടിയുടെയും നൂർജഹാൻ ബീഗത്തിന്‍റെയും രണ്ടാമത്തെ മകനായി 1951 സെപ്റ്റംബർ 22ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. ആലപ്പുഴ എസ്.ഡി.വി ഹൈസ്കൂൾ, എസ്.ഡി കോളജ് എന്നിവിടങ്ങളിലൂടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാനവാസ് കോഴിേക്കാട് ഫാറൂഖ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവും സ്വന്തമാക്കി.
advertisement
വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവർത്തിച്ചായിരുന്നു എം ഐ ഷാനവാസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അക്കാലം കരുണാകരന്റെ വിശ്വസ്തനായ അനുയായി. ഐ ഗ്രൂപ്പ് സൃഷ്ടിച്ച യുവനേതാക്കളിൽ പ്രധാനിയായ അദ്ദേഹം 1972 ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്. കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പക്ഷേ ഷാനവാസിന് പലപ്പോഴും കാലിടറി. 1999 ലും 2004ലും ലോക്‌സഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടു. എന്നാൽ 2009ൽ കേരളത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം നൽകി വയനാട് ഷാനവാസിനെ പാർലമെന്റിലേക്കയച്ചു. ഒന്നരലക്ഷം കടന്ന തകർപ്പൻ ഭൂരിപക്ഷമായിരുന്നു അത്. കേരളത്തിലെ ലോക്സഭാ ചരിത്രത്തിൽ ഒരു കോൺഗ്രസ് സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം. 2014ൽ വീണ്ടും വയനാട്ടിൽ നിന്നും ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ നടന്ന കെപിസിസി പുനസംഘടനയിൽ കെപിസിസി വർക്കിങ് പ്രസിഡന്റുമായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2018 6:54 AM IST


