'മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടും': വാളയാര്‍ അമ്മക്കെതിരെ എ.കെ ബാലന്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല"
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാര്‍ പെൺകുട്ടികളുടെ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടും. പിന്നെ അതു പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. തല മുണ്ഡനം ചെയ്തുള്ള സമരം ഉദ്ഘാടനം ചെയ്തത് ലതികാ സുഭാഷ് ഇപ്പോൾ കോണ്‍ഗ്രസിലില്ലെന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി.
അമ്മ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ തൃശൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്നും അവർ വ്യക്തമാക്കി. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ മത്സരം. ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തിരുന്നു.
advertisement
''എന്റെ മക്കൾക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജൻ എന്നേക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാർ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മൽസരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങൾക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാൻ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടിയാണ് നീക്കം''- അവർ വ്യക്തമാക്കി.
advertisement
വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡി വൈ എസ് പി സോജന്‍, എസ് ഐ ചാക്കോ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറില്‍ സത്യാഗ്രഹം ഇരിക്കുന്നുവെന്നും എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
advertisement
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2021 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടും': വാളയാര്‍ അമ്മക്കെതിരെ എ.കെ ബാലന്‍