തിരുവനന്തപുരം കത്വ ഫണ്ട് വിവാദം ആയുധമാക്കി യൂത്ത് ലീഗിനും മുസ്ലിം ലീഗിനും എതിരെ മന്ത്രി കെ.ടി. ജലീൽ. യൂത്ത് ലീഗ് പണം ഇരയുടെ കുടുംബത്തിന് നൽകിയത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ജലീൽ മലപ്പുറത്ത് ആവശ്യപ്പെട്ടു. യൂത്ത് ലീഗിന് എതിരെ ആക്ഷേപം ഉന്നയിച്ചവർ പരാതിയുമായി വന്നാൽ തുടർ നടപടി സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
" യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് മൊയീൻ അലി ശിഹാബ് തങ്ങളുടെ പ്രസ്താവന പ്രധാനം ആണ്. പിരിച്ചെടുത്ത പണം എത്ര, എങ്ങിനെ നൽകി എന്നെല്ലാം യൂത്ത് ലീഗ് വ്യക്തമാക്കണം. ബാങ്ക് വഴി ആണോ നൽകിയത്? ഏത് ബാങ്ക്? ഏത് അകൗണ്ട് എന്നിവ വ്യക്തമാക്കണം " ജലീൽ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് കേസ് നടത്താൻ ആണെങ്കിൽ ഏത് വക്കീലിന് ആണ് പണം നൽകിയത് ? ചെക്ക് ആയി ആണോ ? നേരിട്ട് ആണോ എന്ന് വ്യക്തമാക്കണം. " രസീത് പോലും ഇല്ലാതെ പിരിച്ച പണം എങ്ങനെ ചെലവഴിച്ചു എന്ന് പാർട്ടി ഘടകങ്ങൾ മാത്രം അറിഞ്ഞാൽ പോരാ. ഏതൊക്കെ ശാഖയിൽ നിന്ന് എത്ര ഒക്കെ പിരിഞ്ഞു കിട്ടി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെലവാക്കിയതിന്റെ കണക്ക് പറയാൻ കഴിയില്ലെങ്കിൽ പണം പിരിക്കരുതെന്ന് മുൻപ് സുനാമി ഫണ്ട് വിവാദം ഉണ്ടായ സമയത്ത് താൻ ലീഗ് നേതാക്കളോട് പറഞ്ഞിരുന്നു. കൊടുത്തില്ലെങ്കിൽ ആരും കുറ്റം പറയില്ല. പിരിച്ചതിന് ശേഷം കൊടുക്കാതിരിക്കുകയും കണക്ക് നൽകാതിരിക്കുകയും ചെയ്യുമ്പോൾ അങ്ങനെ അല്ല. ലീഗിന്റെ പണപ്പിരിവ് ജനാധിപത്യ മാർഗങ്ങളെ അംഗീകരിച്ചല്ല എന്നും ജലീൽ പറഞ്ഞു.
മുൻപ് രോഹിത് വെമുല യുടെ കുടുംബത്തിന് എത്ര പണം നൽകി എന്ന് കൂടി വ്യക്തമാക്കണമെന്നും ജലീൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ ആണ് തട്ടിപ്പ് നടന്നത് എന്നും ജലീൽ ആരോപിച്ചു. "പിരിച്ചതിന്റെ കണക്ക് പറയണ്ട പകരം ഡൽഹിയിൽ നിന്ന് മടങ്ങി വന്നു മത്സരിക്കുന്ന തന്നെ പിന്തുണക്കണം, ഇതാണ് കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗും എം എസ് ഫും തമ്മിൽ ഉള്ള ധാരണ- ജലീൽ ആരോപിച്ചു.
"ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതി നൽകും എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത് . അത്തരത്തിൽ പരാതി കിട്ടിയാൽ സർക്കാർ തുടർ നടപടി സ്വീകരിക്കും. ചോദ്യങ്ങളും ആരോപണങ്ങളോടും പ്രതികരിക്കാതിരുന്നാൽ എല്ലാം മുങ്ങി പോകും എന്നാണ് ലീഗ് കരുതുന്നത്. പക്ഷേ ഇത് അങ്ങനെ മുക്കിക്കളയാൻ ഉദ്ദേശിക്കുന്നില്ല. സ്വമേധയാ.കേസ് എടുക്കാൻ പറ്റുമോ എന്ന കാര്യവും പരിശോധിക്കും "- മന്ത്രി പറഞ്ഞു.
Also Read-
മുസ്ലീം ലീഗ് നിയമസഭയിലും പുതുമുഖങ്ങളെ ഇറക്കും; എട്ട് സിറ്റിംഗ് എം.എല്‍.എ.മാര്‍ക്ക് സീറ്റുണ്ടാവില്ലയൂത്ത് ലീഗ് നേതാക്കന്മാർക്ക് രമ്യ ഹർമ്യങ്ങൾ നിർമിക്കാൻ എവിടെ നിന്നാണ് പണം? പി.കെ ഫിറോസിനെതിരെ ലക്ഷ്യമിട്ട് ജലീൽ ചോദിച്ചു. ഈ നേതാക്കന്മാരുടെ വീട്ടിലും എന്റെ വീട്ടിലും വന്നു നോക്കണം. ഇത്ര വർഷം ആയി സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് കൊണ്ടാണ് ഇ.ഡി എത്ര ചികഞ്ഞ് നോക്കിയിട്ടും തനിക്കെതിരെ ഒന്നും കണ്ടെത്താൻ കഴിയാതെ പോയത്.
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിശിത വിമർശനമാണ് ജലീൽ വാർത്ത സമ്മേളനത്തിൽ നടത്തിയത്. " ഇരുവള്ളത്തിലും കാലിട്ടു പോകാം എന്ന ഉദ്ദേശത്തിൽ ആയിരുന്നു പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കർശന നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എംപി സ്ഥാനം രാജി വെക്കാതെ നിയമസഭയിലേക്ക് മത്സരിക്കാൻ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഇടക്കുള്ള തീരുമാനം. ജലീൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പി. കെ ഫിറോസിനെതിരെയും അത് വഴി മുസ്ലിം ലീഗിനെയും ആക്രമിക്കാൻ ഇടതുപക്ഷം കത്വാ ഫണ്ട് വിവാദം ആയുധമാക്കുകയാണ്. പണ്ട് ജലീൽ ലീഗിനുള്ളിൽ ഉയർത്തിയ സുനാമി ഫണ്ട് വിമർശനം പാർട്ടിക്ക് വലിയ തിരിച്ചടി ആണ് ഉണ്ടാക്കിയത്. കത്വ ഫണ്ട് വിവാദം അതുപോലെ ഉയർത്തി കൊണ്ടുവന്ന് തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയങ്ങളിൽ ഒന്നാക്കാൻ ഉള്ള ഉദ്ദേശ്യത്തിൽ ആണ് ഇടതുപക്ഷം. അതിന് ചുക്കാൻ പിടിക്കുന്നത് കെ.ടി. ജലീലും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.