തിരുവനന്തപുരം:  സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന യു.ഡി.എഫ്- ബി.ജെ.പി നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും യുഡിഎഫും അപവാദപ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്റെ പുകമറക്കുള്ളില്‍ കുടുക്കിയിടാമെന്നാണ് അവര്‍ കരുതുന്നത്.  ഉദ്ദേശിച്ചതൊന്നും നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ കാണുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ നേതാക്കന്മാരെയും സംബന്ധിച്ച് ഒന്നും പറയാന്‍ കിട്ടാതായപ്പോള്‍ കുടുംബാംഗങ്ങളെക്കുറിച്ചുള്ള അപവാദ നിര്‍മ്മാണമാണ് പുതിയ മാര്‍ഗ്ഗമായി കണ്ടെത്തിയിട്ടുള്ളത്. യാതൊരു മര്യാദയുമില്ലാതെ എന്തും പറയാമെന്ന നിലയിലാണ് അവര്‍ എത്തിയിരിക്കുന്നത്. കഥകെട്ടവര്‍ക്ക് കിളിയും പോയ അവസ്ഥ. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചാണെന്നും മന്ത്രി പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കുറിപ്പ് പൂർണരൂപത്തിൽ

രാഷ്ട്രീയം പറയേണ്ടിടത്ത് അതിന് കഴിയാതെ കൊതിക്കെറുവ് മുറുമുറുത്ത് തീര്‍ക്കുകയാണ് ബിജെപി - യുഡിഎഫ് നേതാക്കള്‍ ചെയ്യുന്നത്. അപവാദ പ്രചരണത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് ഇപ്പോള്‍ അവര്‍ക്കിടയില്‍ നടക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്റെ പുകമറക്കുള്ളില്‍ കുടുക്കിയിടാമെന്നാണ് അവര്‍ കരുതുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പുറത്തുവന്നയുടനെ തന്നെ, 'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചു' എന്ന പൊയ് വെടിയുമായി ബിജെപി നേതാവ് ചാടിപ്പുറപ്പെട്ടതും, അത് പ്രതിപക്ഷ നേതാവും മറ്റു യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ചതും വെറുതെയല്ല. എല്ലാം യു.ഡി.എഫ്. - ബി.ജെ.പി. കൂട്ടുകെട്ടിന്റെയും ചില മാദ്ധ്യമങ്ങളുടെയും തിരക്കഥക്കനുസരിച്ചായിരുന്നു. പക്ഷേ, 'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ ആരും വിളിച്ചിട്ടില്ല' എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയതോടെ സംഗതി ചീറ്റിപ്പോയി. എന്നാല്‍ അതുകൊണ്ടൊന്നും ഇക്കൂട്ടര്‍ അടങ്ങിയില്ല. മന്ത്രിയുടെ ഭാര്യയുടെ ചിത്രം വരെ മോര്‍ഫ് ചെയ്തും, നുണക്കഥകള്‍ മെനഞ്ഞും അവര്‍ ശ്രമം തുടര്‍ന്നു; ഒന്ന് പൊട്ടുമ്പോള്‍ മറ്റൊന്ന് എന്ന നിലയില്‍. ലൈഫ് പദ്ധതിക്കെതിരേയും, വിശുദ്ധ ഖുറാന്‍ കൊണ്ടുപോയതിനെതിരെയുമൊക്കെ ഇല്ലാക്കഥകള്‍ ചമയ്ക്കുന്നത് ഈ തിരക്കഥയുടെ ഭാഗമായിത്തന്നെയാണ്. എന്നാല്‍ ഒന്നും ഏശുന്നില്ല.

ഉദ്ദേശിച്ചതൊന്നും നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ കാണുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ നേതാക്കന്മാരെയും സംബന്ധിച്ച് ഒന്നും പറയാന്‍ കിട്ടാതായപ്പോള്‍ കുടുംബാംഗങ്ങളെക്കുറിച്ചുള്ള അപവാദ നിര്‍മ്മാണമാണ് പുതിയ മാര്‍ഗ്ഗമായി കണ്ടെത്തിയിട്ടുള്ളത്. യാതൊരു മര്യാദയുമില്ലാതെ എന്തും പറയാമെന്ന നിലയിലാണ് അവര്‍ എത്തിയിരിക്കുന്നത്. കഥകെട്ടവര്‍ക്ക് കിളിയും പോയ അവസ്ഥ.

നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചു തന്നെ.