'ഒരുമാസം കൊണ്ടു ജോലി തരാൻ എടുത്തുവച്ചിട്ടില്ല'; സനലിന്റെ ഭാര്യയെ അവഹേളിച്ച് മന്ത്രി മണി
Last Updated:
തിരുവനന്തപുരം: മന്ത്രി എം.എം മണി അവഹേളിച്ചതായി നെയ്യാറ്റിൻകരയിൽ കൊലപ്പെട്ടുത്തിയ സനലിന്റെ ഭാര്യ വിജി. ഒരു മാസം കൊണ്ട് ജോലി തരാൻ എടുത്തു വെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ സമരം കിടക്കാതെ മുഖ്യമന്ത്രിയെ കാണണമെന്നുമാണ് വിജി ഫോണിൽ വിളിച്ചപ്പോഴുള്ള മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പരാമർശം വേദനിപ്പിച്ചെന്നു വിജി ന്യൂസ് 18 നോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്‍റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി അവഹേളിച്ചത്.
സനൽ കുമാറിന്‍റെ മരണത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സർക്കാർ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവർത്തകരും നേരിട്ട് ഫോണിൽ വിളിക്കാൻ തുടങ്ങിയത്. ആരു പറഞ്ഞിട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന് വന്നതെന്നും മന്ത്രി ചോദിച്ചെന്ന് വിജി പറഞ്ഞു. മറ്റു മന്ത്രിമാരെ വിളിച്ചെങ്കിലും ഫോണെടുത്തത് മന്ത്രി മണി മാത്രമാണ്.
advertisement
എന്നാൽ, നെയ്യാറ്റിൻകരയിൽ കൊലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ അവഹേളിച്ചട്ടില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. താൻ ആരെയും വേദനിപ്പിച്ചിട്ടില്ല. വിജി ഫോൺ വിളിച്ചപ്പോൾ കാര്യങ്ങൾ അന്വേഷിക്കാമെന്നാണ് പറഞ്ഞതെന്നും മന്ത്രി ന്യൂസ് 18 നോട് പ്രതികരിച്ചു.
സനല്‍ കുമാറിന്‍റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരത്തിനിരിക്കുന്നത്. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയായ ഡി വൈ എസ് പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. ഇപ്പോള്‍ കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയിലാണ് സനലിന്റെ കുടുംബം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരുമാസം കൊണ്ടു ജോലി തരാൻ എടുത്തുവച്ചിട്ടില്ല'; സനലിന്റെ ഭാര്യയെ അവഹേളിച്ച് മന്ത്രി മണി


