'ഓപ്പറേഷൻ സുഭാഷ്’ ദൗത്യം വിജയം; കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
ഞായറാഴ്ച പുലർച്ചെ 1.30-ഓടെ ഗാന്ധിനഗർ അഗ്നിരക്ഷാസേനയും ആനിമൽ റെസ്‌ക്യൂ ടീമും ചേർന്നാണ് പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയത്
കൊച്ചി: മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിച്ചു. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിലായിരുന്നു 'സുഭാഷ്' എന്ന് ഓട്ടോക്കാർ പേരിട്ട പൂച്ച കുടുങ്ങിയത്. ഞായറാഴ്ച പുലർച്ചെ 1.30-ഓടെ ഗാന്ധിനഗർ അഗ്നിരക്ഷാസേനയും ആനിമൽ റെസ്‌ക്യൂ ടീമും ചേർന്നാണ് പൂച്ചയെ സുരക്ഷിതമായി താഴെയിറക്കിയത്. പൂച്ചയെ രക്ഷിച്ച് താഴേക്കിറക്കിയതോടെ ജനക്കൂട്ടം കൂവിയും കൈകളടിച്ചും സന്തോഷം പങ്കിട്ടു. രക്ഷാപ്രവർത്തനത്തിനിടയിൽ ബാനർജി റോഡിൽ വാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു. ജനങ്ങൾ തന്നെ മുൻകൈയെടുത്താണ് ഗതാഗതവും നിയന്ത്രിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാദൗത്യം മണിക്കൂറുകളോളം നീണ്ടുനിന്നു. ഹൈഡ്രോളിക് ലിഫ്റ്റും വലകളും ഉപയോഗിച്ചായിരുന്നു പരിശോധന. ഉദ്യോഗസ്ഥർ പില്ലറിന് മുകളിലേക്ക് കയറുന്നതിനായി മെട്രോ പാതയിലെ വൈദ്യുതി ബന്ധം 17 മിനിറ്റോളം വിച്ഛേദിക്കേണ്ടി വന്നു. ഇത് മെട്രോ സർവീസിനെ ബാധിക്കുകയും ബാനർജി റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. ഇതിനിടെ ഉപയോഗിച്ചിരുന്ന ലിഫ്റ്റ് തകരാറിലായത് അല്പനേരം ആശങ്ക പടർത്തി. തുടർന്ന് രാത്രിയോടെ പുതിയ ലിഫ്റ്റ് എത്തിച്ച് ദൗത്യം തുടരുകയായിരുന്നു.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് സമീപത്തെ ഓട്ടോക്കാരാണ് പൂച്ചയ്ക്ക് 'സുഭാഷ്' എന്ന് പേരിട്ടത്. പൂച്ച അവശനിലയിലാണെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടവും മൃഗസ്നേഹികളും സ്ഥലത്ത് തടിച്ചുകൂടി. പുലർച്ചെ പൂച്ചയെ രക്ഷപ്പെടുത്തിയ വാർത്ത പുറത്തുവന്നതോടെ ആവേശത്തോടെയാണ് കൊച്ചി നഗരം പ്രതികരിച്ചത്. നിലവിൽ പൂച്ച ആനിമൽ റെസ്‌ക്യൂ ടീമിന്റെ സംരക്ഷണയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 22, 2026 9:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓപ്പറേഷൻ സുഭാഷ്’ ദൗത്യം വിജയം; കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു










