തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരായ എംഎം മണി എംഎൽഎയുടെ പരാമർശം വിവാദമാകുന്നു. കെകെ രമയ്ക്കെതിരായ അധിക്ഷേപങ്ങൾക്ക് പിന്നാലെയാണ് ആനിരാജയ്ക്ക് എതിരെയും മണിയുടെ വിവാദ പ്രസ്താവന. 'ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത്' എന്നാണ് പരാമർശം.
ആനി രാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാൽ കെ കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പറഞ്ഞു. എം എം മണി പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് വിവാദപ്രസംഗം നടക്കുമ്പോൾ നിയമസഭ നിയന്ത്രിച്ചിരുന്ന ഇ കെ വിജയൻ പറഞ്ഞിരുന്നു. മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണത്തിലാണ് ആനി രാജയ്ക്കെതിരായ മണിയുടെ അധിക്ഷേപം.
ഭയപ്പെടുത്തിയാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ആനി രാജമണി പറഞ്ഞ രീതിയിൽ മറുപടി പറയാൻ താൻ എന്തായാലും തയ്യാറല്ലെന്ന് ആനി രാജ പ്രതികരിച്ചു. പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. പക്ഷേ, മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരുപക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാകും. ന്യായീകരണം എന്തു തന്നെ ആണെങ്കിലും അത് ശരിയാല്ല.
ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും പ്രസ്ഥാനവുമാണ് അത് ശ്രദ്ധിക്കേണ്ടത്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല, അതിന് അപ്പുറത്തേക്ക് വേറൊന്നും തന്നെ ഭയപ്പെടുത്തില്ല. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരി എന്ന നിലയില്‍ ഉണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും.
മണി സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം: AIYFഎംഎം മണി തിരുത്തണമെന്ന് എഐവൈഎഫ്. പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം എം മണി സമൂഹത്തിനു നൽകുന്നത്. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ എം എം മണി തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.