പിരിവ് നൽകാത്തതിന് പ്രതികാരമായി ഇക്കോ ടൂറിസം പാർക്ക് പൂട്ടി; ശ്യാമളയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ
Last Updated:
ആത്മഹത്യ ചെയ്‌ത സാജനോട് ശ്യാമള പറഞ്ഞ അതെ വാക്കുകൾ സുഗിലയും കേട്ടു. "ഞാനിവിടെ ഇരിക്കുന്ന കാലത്തോളം നിന്‍റെ പാർക്ക് തുറക്കില്ല."
കണ്ണൂർ: ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി സംരംഭകർ. പിരിവ് നൽകാത്തതിന് പ്രതികാരമായി ഇക്കോ ടൂറിസം പാർക്ക് നഗരസഭാ അധ്യക്ഷ ശ്യാമള പൂട്ടിച്ചെന്ന് സംരംഭകയായ സുഗില ആരോപിച്ചു. വെള്ളിക്കീൽ ഇക്കോ പാർക്ക് ലീസിനെടുത്തത് സുഗില ആയിരുന്നു. പതിനായിരം രൂപ തുക നൽകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് സുഗില ആരോപിച്ചു. പിരിവ് നൽകാത്തതിനാൽ ഇക്കോ ടൂറിസം പാർക്ക് പൂട്ടിച്ചു. ഇതിനെ തുടർന്ന് അരക്കോടി രൂപയുടെ നഷ്ടമുണ്ടായതായും സുഗില ന്യൂസ് 18നോട് പറഞ്ഞു.
പിരിവ് ആവശ്യപ്പെട്ടു നഗരസഭാധ്യക്ഷ നിരന്തരം വിളിച്ചതായി സുഖില പറഞ്ഞു. കാലങ്ങളായി പാർട്ടി കുടുംബാംഗമായ സുഗില സിപിഎം മുൻ കൗൺസിലറുടെ ഭാര്യയുമാണ്. പക്ഷേ, നഗരസഭാധ്യക്ഷ പി കെ ശ്യാമളയുടെ പ്രതികാരബുദ്ധിക്ക് അതൊന്നും തടസ്സമായില്ല. 2014ലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ നിന്ന് സുഗില വെള്ളിക്കീൽ ഇക്കോ ടൂറിസം പദ്ധതി ലീസിനു എടുത്തത്. മാസവാടക 71, 000 രൂപ. ടൂറിസം വകുപ്പിന്‍റെ ശുപാർശയും അംഗീകാരവും ലഭിച്ചിട്ടും പി.കെ ശ്യാമള മുട്ടുന്യായങ്ങൾ പറഞ്ഞ് പദ്ധതി പൂട്ടിച്ചു. ബോട്ടുകൾ തുരുമ്പെടുത്ത് നശിക്കുകയും കിയോസ്കുകള്‍ പൂട്ടിക്കിടക്കുകയുമാണ്. ഒരു പരിപാടിക്ക് സംഭാവനയായി 10000രൂപ ശ്യാമള ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാഞ്ഞതാണ് വൈരാഗ്യത്തിന് കാരണമെന്നും സുഗില പറഞ്ഞു.
advertisement
ആത്മഹത്യ ചെയ്‌ത സാജനോട് ശ്യാമള പറഞ്ഞ അതെ വാക്കുകൾ സുഗിലയും കേട്ടു. "ഞാനിവിടെ ഇരിക്കുന്ന കാലത്തോളം നിന്‍റെ പാർക്ക് തുറക്കില്ല." പാർട്ടി വഴി അനുരഞ്ജനത്തിന് ശ്രമിച്ചപ്പോൾ അഹങ്കാരിയെന്ന് മുദ്രകുത്തി. സിപിഎം മുൻ കൗൺസിലർ കൂടിയായ ഭർത്താവ് വിനോദിന്‍റെ പേരിലാക്കിയിട്ടും പാർക്കിനു അനുമതി ലഭിച്ചില്ല. പാർക്ക് തുറക്കാനാവാത്തതിനാൽ അരക്കോടി രൂപയാണ് സുഗിലയുടെ നഷ്ടം.
പിരിവ് ആവശ്യപ്പെട്ടു പി കെ ശ്യാമള വിളിച്ചതിനും മുമ്പ് പിരിവ് നല്കിയതിനുമടക്കം തെളിവുണ്ടെന്ന് സുഗില പറയുന്നു. സാജനെപ്പോലെ നാളെ തങ്ങളും മരിക്കേണ്ടി വന്നേക്കാം എന്നതിനാലാണ് ഇപ്പോൾ സത്യങ്ങൾ തുറന്നു പറയുന്നതെന്നും സുഗില കൂട്ടിച്ചേർത്തു. അതേസമയം, സുഗിലയുടെ ആരോപണങ്ങൾ ശ്യാമള നിഷേധിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2019 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിരിവ് നൽകാത്തതിന് പ്രതികാരമായി ഇക്കോ ടൂറിസം പാർക്ക് പൂട്ടി; ശ്യാമളയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ


