M Sivasankar | എം ശിവശങ്കറിന് കൂടുതൽ ചുമതലകൾ; കെ.ആർ ജ്യോതിലാൽ വീണ്ടും പൊതുഭരണ വകുപ്പിൽ
M Sivasankar | എം ശിവശങ്കറിന് കൂടുതൽ ചുമതലകൾ; കെ.ആർ ജ്യോതിലാൽ വീണ്ടും പൊതുഭരണ വകുപ്പിൽ
സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ശിവശങ്കറിന് സ്പോർട്സ് യുവജനകാര്യ വകുപ്പിന്‍റെ ചുമതലയാണ് നൽകിയത്. ഇപ്പോൾ കൂടുതൽ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നയതന്ത്ര സ്വർണക്കടത്ത് കേസിൽപ്പെട്ട എം ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകി. സസ്പെൻഷൻ മാറി തിരിച്ചെത്തിയപ്പോൾ സ്പോർട്സ്, യുവജനകാര്യ വകുപ്പുകളുടെ ചുമതലയാണ് ശിവശങ്കറിന് നൽകിയതെങ്കിലും ഇപ്പോൾ മൃഗസംരക്ഷണവകുപ്പ്, മൃഗശാല, ക്ഷീരവികസന വകുപ്പുകളുടെ അധിക ചൂമതല കൂടി നൽകി. അതേസമയം പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗർവർണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയ കെ ആർ ജ്യോതിലാലിനെ വീണ്ടും പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇതു കൂടാതെ ടിങ്കു ബിസ്വാളിനെ ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറിയായും അജിത് കുമാറിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. കെ എസ് ശ്രീനിവാസാണ് ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറായി പ്രിയങ്ക ഐ എ എസിനെ നിയമിച്ചു.
തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐടി വകുപ്പിന്‍റെ അധിക ചുമതല കൂടി നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയ്ക്ക് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്‍റെ ചുമതല നൽകി.
നേരത്തെ നയന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ശിവശങ്കറിന് സ്പോർട്സ് യുവജനകാര്യ വകുപ്പിന്‍റെ ചുമതലയാണ് നൽകിയത്. ഇപ്പോൾ കൂടുതൽ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നൽകി. നിലവിലുള്ള വകുപ്പ് കൂടാതെ മൃഗസംരക്ഷണവകുപ്പ്, മൃഗശാല, ക്ഷീരവികസന വകുപ്പുകളുടെ അധിക ചൂമതല കൂടി ശിവശങ്കറിന് നൽകി.
മുമ്പ് ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയായ കെ ആർ ജ്യോതിലാൽ രാജ്ഭവന് അയച്ച കത്താണ് ഗവർണറെ ചൊടിപ്പിച്ചത്. ഇതോടെ സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയായിരുന്നു. ഇതോടെ കെ ആർ ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽ നിന്ന് മാറ്റിയാണ് സർക്കാർ ഗവർണറെ അനുനയിപ്പിച്ചത്. ഇതിന് പിന്നാലെ ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിടുകയും ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.