Mullaipperiyar | മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതിയിൽ; നിലവിലെ ജലനിരപ്പ് കേരളം കോടതിയെ അറിയിക്കും
- Published by:user_57
- news18-malayalam
Last Updated:
സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയം ഇന്ന് സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്.
രണ്ട് പൊതുതാൽപര്യഹർജികളാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണൻക്കുട്ടി, ജെസിമോൾ ജോസ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബർ 23 ഞായറാഴ്ച 136.85 അടിയായി ഉയർന്നു.
advertisement
ഇത് കണക്കിലെടുത്ത്, ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനുള്ള നിശ്ചിത പ്രോട്ടോക്കോൾ അനുസരിച്ച് തമിഴ്നാട് സർക്കാർ ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയായി ഉയരുകയാണെങ്കിൽ രണ്ടാമത്തെ മുന്നറിയിപ്പിന്റെ ഭാഗമായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, 140 അടിയിലെത്തുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് കേരളത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് തകർച്ചയുണ്ടായാൽ കേരളത്തിലെ അഞ്ച് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളെ ബാധിക്കും.
advertisement
പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ജലകമ്മീഷന്റെ ഉത്തരവ് പ്രകാരം അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാടിന് വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയിൽ നിലനിർത്താം. ഈ നില എത്തിയാൽ മാത്രമേ ഷട്ടറുകൾ ഉയർത്തുകയുള്ളൂ.
അതിനിടെ, കേരള സംസ്ഥാനത്തിനും ലക്ഷദ്വീപിനും സമീപം ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാൽ കേരളത്തിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നൽകി.
ഒക്‌ടോബർ 24 മുതൽ 27 വരെ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയും ഒക്‌ടോബർ 26 ന് സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അതിശക്തമായ മഴയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
advertisement
കനത്ത മഴയെത്തുടർന്ന് റിസർവോയർ ജലനിരപ്പ് 142 അടിയിയുടെ അടുത്തെത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പരമാവധി വെള്ളം എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വൈഗ അണക്കെട്ടിലേക്ക് തിരിച്ചുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. തമിഴ്‌നാട് 2,150 സി.എഫ്.എസിൽ വെള്ളമെടുക്കുമ്പോൾ, ഒഴുക്ക് 3,608 സി.എഫ്.എസായിരുന്നു.
പെരിയാർ തീരത്ത് കേരള സർക്കാർ പട്രോളിംഗ് ശക്തമാക്കി. 22 അംഗ ദുരന്ത നിവാരണ മാനേജ്മെന്റ് ടീമിനെ നിയോഗിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ആവശ്യം വന്നാൽ ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2021 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaipperiyar | മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതിയിൽ; നിലവിലെ ജലനിരപ്പ് കേരളം കോടതിയെ അറിയിക്കും