മുസ്ലിംലീഗിലെ ടേം വ്യവസ്ഥ; പ്രമുഖര്‍ക്ക് പുറത്തിരിക്കേണ്ടിവരും
- Published by:Rajesh V
- news18-malayalam
- Written by:Anumod CV
Last Updated:
തുടർച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎൽഎ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം
സി വി അനുമോദ്
മലപ്പുറം: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ മുസ്ലിം ലീഗ്. മൂന്ന് തവണ എംഎൽഎയായവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും മാത്രമാകും ഇളവ് നൽകുക. അങ്ങനെ വന്നാൽ മാറി നിൽക്കേണ്ടിവരുന്നവരിൽ പ്രമുഖരുടെ നീണ്ടനിരയുണ്ട്.
തുടർച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎൽഎ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. തീരുമാനം നടപ്പായാൽ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന് (കാസർഗോഡ്), പി കെ ബഷീർ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീൻ (മണ്ണാർക്കാട്) എന്നിവർക്ക് സീറ്റ് ലഭിക്കില്ല.
advertisement
അഞ്ചുതവണ നിയമസഭയിൽ എത്തിയ കെ പി എ മജീദിനും അവസരം ലഭിച്ചേക്കില്ല. ഇവർക്ക് പുറമേ വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്ററും മഞ്ചേരി എംഎൽഎ യുഎ ലത്തീഫും മാറിയേക്കും എന്നും സൂചനയുണ്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ബാങ്ക് ഡയറക്ടർ തുടങ്ങി ഒട്ടേറെ പദവികൾ വഹിക്കുന്നുണ്ട് അബ്ദുൽ ഹമീദ് മാസ്റ്റർ. ആരോഗ്യ പ്രശ്നങ്ങളാണ് യു എ ലത്തീഫിന് വെല്ലുവിളിയാകുന്നത്. ഇവർ ഒഴിയുന്ന സീറ്റുകൾക്ക് പുറമേ കഴിഞ്ഞതവണ മത്സരിച്ച തോറ്റ സീറ്റുകളിലും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം ലഭിച്ചേക്കും.
advertisement
ഇതും വായിക്കുക: മുസ്ലിംലീഗ് എംഎൽഎമാരുടെ നാലാം ഊഴം നിർത്തും; 3 തവണ ആയവർക്ക് ഇക്കുറി സീറ്റില്ല; കൂടുതൽ പുതുമുഖങ്ങൾ വരുമെന്ന് സൂചന
കെ എം ഷാജി, പി കെ ഫിറോസ് എന്നിവർക്ക് വിജയം ഉറപ്പുള്ള സീറ്റുകൾ നൽകി നിയമസഭയിൽ എത്തിക്കണമെന്ന ആവശ്യവും ലീഗിനുള്ളിൽ ശക്തമാണ്. ഇവർക്ക് പുറമേ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നിരവധി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ ഉണ്ട്. എന്നാൽ പി കെ ബഷീറിനെയും എൻ ഷംസുദ്ദീനെയും പോലെ മണ്ഡലത്തിൽ താഴെത്തട്ടിൽ ഏറെ സ്വാധീനമുള്ള നേതാക്കളെ ടേം വ്യവസ്ഥ കൊണ്ട് മാത്രം മാറ്റാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
advertisement
മുസ്ലിംലീഗിനും യുഡിഎഫിനും വിജയം അനിവാര്യമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപിന്തുണയുള്ള മുതിർന്ന നേതാക്കളെ മാറ്റി പരീക്ഷണത്തിന് തയ്യാറാകുമോ എന്നതും കണ്ട് തന്നെ അറിയണം. മുൻപ് പലവട്ടം ടേം വ്യവസ്ഥ നടപ്പിലാക്കാൻ ശ്രമിച്ചു അതിനു സാധിക്കാതെ പോയ ചരിത്രമുണ്ട് മുസ്ലിം ലീഗിന്. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് നേതാക്കളുടെ സമ്മർദ്ദം മറികടന്ന് അത് നടപ്പിലാക്കാൻ സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 03, 2025 2:36 PM IST