ഒരേ നാടകവേദിക്ക് രണ്ട് ബജറ്റിൽ 50 ലക്ഷം; സെക്രട്ടേറിയറ്റ് മാർച്ചുമായി നാടക്
Last Updated:
തിരുവനന്തപുരം: ബജറ്റിൽ തുടർച്ചയായി നാടക പ്രവർത്തകരെ തഴഞ്ഞതിനെതിരെ 'നാടക്' സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. നാടകത്തിനും നാടക പ്രവർത്തകർക്കും നാളിതുവരെയായി ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റ് മാർച്ചിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ നേതൃത്വം നൽകി. സ്ഥിരം നാടകവേദിയായ ലോകധര്‍മ്മിക്ക് രണ്ട് ബജറ്റിലൂടെ 50 ലക്ഷംരൂപ അനുവദിച്ചതാണ് വിവാദമായത്. ഒരേ സംഘത്തിന് തന്നെ തുടർച്ചയായി സഹായം അനുവദിച്ചതിനെതിരെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയറ്റര്‍ ആക്റ്റിവിസ്റ്റ് കേരള (നാടക്) പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
സാംസ്‌ക്കാരിക പ്രവര്‍ത്തനതിന്റെ പേരില്‍ ധാരാളം വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ ഫണ്ട് അനുവദിയ്ക്കാറുണ്ട്. ഇത്തവണയും അങ്ങനെ അനുവദിച്ചതായി കാണുന്നു. അതില്‍ ചിലര്‍ക്ക് ആവര്‍ത്തിച്ചു നല്‍കിയതിന്റെ യുക്തിയും പ്രത്യേക സാഹചര്യവും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്ന് ജെ ശൈലജ പറഞ്ഞു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളപ്പോള്‍, പ്രത്യേകിച്ചും നവോത്ഥാനം സമൂഹത്തില്‍ പൊതു ചര്‍ച്ചയായിട്ടുള്ള കാലത്ത് കലയെയും സംസ്‌കാരത്തെയും കുറിച്ചു ഉണ്ടാവേണ്ട കാഴ്ചപ്പാട് ഇല്ലെന്നതാണ് സത്യമെന്നും അവർ ആരോപിച്ചു.
advertisement
നാടകത്തിന് വേണ്ടി പൊതുവില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ഒരു സംഘത്തിന് മാത്രം ആവര്‍ത്തിച്ചു ഫണ്ട് അനുവദിച്ചതില്‍ ഉള്ള കടുത്ത പ്രതിഷേധം നാടക് നാടക പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ജെ ശൈലജ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ക്കും ചെറുകിട സംഘടനകള്‍ക്കും മാനദണ്ഡങ്ങള്‍ ഇല്ലാതെ ഫണ്ട് കൊടുക്കുന്നത് അവസാനിപ്പിക്കണം. സാംസ്‌ക്കാരിക മേഖലയില്‍, പ്രത്യേകിച്ചു നാടകത്തിന് അനുവദിയ്ക്കുന്ന ഫണ്ട് കേരളത്തിലെ ഭൂരിപക്ഷം നാടക പ്രവര്‍ത്തകരെയും അഡ്രസ്സ് ചെയ്യുന്നതും പ്രത്യക്ഷത്തിലും പരോക്ഷത്തിലും അവര്‍ക്ക് കൂടി പങ്കാളിത്തം ഉണ്ടാകുന്നതും ആകണമെന്നും അവർ ആവശ്യപ്പെട്ടു.
advertisement
ലോകധര്‍മ്മിക്ക് രണ്ട് ബജറ്റിലൂടെ ലഭിച്ചത് 50 ലക്ഷംരൂപ അനുവദിച്ചതിനെതിരായ പരാതി ജെ. ശൈലജ, ധനമന്ത്രി തോമസ് ഐസക്കിന് അയച്ചിരുന്നു. 2019 ലെ കേരള ബജറ്റില്‍ സാംസ്‌കാരിക മേഖലയ്ക്ക് പണം വകയിരുത്തിയ കൂട്ടത്തില്‍ കൊച്ചിയിലെ ലോകധര്‍മ്മി സ്ഥിരം നാടകവേദിയ്ക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതേ സംഘടനയ്ക്ക് കഴിഞ്ഞ ബജറ്റിലും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടി.എം എബ്രഹാം, ചന്ദ്രഹാസന്‍ തുടങ്ങി പ്രശസ്തരായ നിരവധി നാടകപ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്ന ഈ കലാസംഘത്തില്‍ ഡോ. കെ. ജി പൗലോസ്, കലാമണ്ഡലം പ്രഭാകരന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. പ്രൊഫ. ഷാജി ജോസഫ് ആണ് സെക്രട്ടറി. ഒറ്റ നോട്ടത്തില്‍ ഒരു നാടകസംഘത്തെ സഹായിക്കുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും രണ്ടു തവണയായി ലോകധര്‍മ്മിക്ക് മാത്രം അരക്കോടി രൂപ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് മറ്റു നാടകപ്രവര്‍ത്തകരുടെ പ്രതികരണം. തോമസ് ഐസക്കിനെ പോലെ ഒരാള്‍ ഇത്രയും പരസ്യമായി സ്വജനപക്ഷപാതം കാണിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയാന്‍ നാടകക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് നാടക് ജനറല്‍ സെക്രട്ടറി ജെ ശൈലജ പേഴ്‌സണല്‍ അസിസ്റ്റന്റ് വഴി ധനമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2019 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരേ നാടകവേദിക്ക് രണ്ട് ബജറ്റിൽ 50 ലക്ഷം; സെക്രട്ടേറിയറ്റ് മാർച്ചുമായി നാടക്


