ലോകധര്‍മ്മി നാടകവേദിക്ക് രണ്ട് ബജറ്റിലൂടെ അരക്കോടി; പ്രതിഷേധവുമായി നാടകപ്രവർത്തകർ

Last Updated:

ഒരേ സംഘത്തിന് തന്നെ തുടർച്ചയായി സഹായം അനുവദിച്ചതിനെതിരെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയറ്റര്‍ ആക്റ്റിവിസ്റ്റ് കേരള (നാടക്) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

കൊച്ചി: സ്ഥിരം നാടകവേദിയായ ലോകധര്‍മ്മിക്ക് രണ്ട് ബജറ്റിലൂടെ ലഭിച്ചത് 50 ലക്ഷംരൂപ. ഒരേ സംഘത്തിന് തന്നെ തുടർച്ചയായി സഹായം അനുവദിച്ചതിനെതിരെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയറ്റര്‍ ആക്റ്റിവിസ്റ്റ് കേരള (നാടക്) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നാടക് ജനറല്‍ സെക്രട്ടറി ജെ.ശൈലജ ഇതു സംബന്ധിച്ച പരാതി ധനമന്ത്രി ഡോ. തോമസ് ഐസക്കിന് അയച്ചു. വരുംദിവസങ്ങളിൽ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന. ഒരുഭാഗത്ത് പണം വെട്ടിച്ചുരുക്കുന്ന അതേ സര്‍ക്കാര്‍ മറു ഭാഗത്ത് ഒരു പ്രത്യേക സംഘത്തിനു മാത്രം പണം നല്‍കിയെന്നാണ് ഇപ്പോഴുയര്‍ന്നിട്ടുള്ള പരാതി. 2019 ലെ കേരള ബജറ്റില്‍ സാംസ്‌കാരിക മേഖലയ്ക്ക് പണം വകയിരുത്തിയ കൂട്ടത്തില്‍ കൊച്ചിയിലെ ലോകധര്‍മ്മി സ്ഥിരം നാടകവേദിയ്ക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതേ സംഘടനയ്ക്ക് കഴിഞ്ഞ ബജറ്റിലും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ടി.എം എബ്രഹാം, ചന്ദ്രഹാസന്‍ തുടങ്ങി പ്രശസ്തരായ നിരവധി നാടകപ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്ന ഈ കലാസംഘത്തില്‍ ഡോ. കെ. ജി പൗലോസ്, കലാമണ്ഡലം പ്രഭാകരന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. പ്രൊഫ. ഷാജി ജോസഫ് ആണ് സെക്രട്ടറി. ഒറ്റ നോട്ടത്തില്‍ ഒരു നാടകസംഘത്തെ സഹായിക്കുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും രണ്ടു തവണയായി ലോകധര്‍മ്മിക്ക് മാത്രം അരക്കോടി രൂപ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് മറ്റു നാടകപ്രവര്‍ത്തകരുടെ പ്രതികരണം. തോമസ് ഐസക്കിനെ പോലെ ഒരാള്‍ ഇത്രയും പരസ്യമായി സ്വജനപക്ഷപാതം കാണിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയാന്‍ നാടകക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് നാടക് ജനറല്‍ സെക്രട്ടറി ജെ ശൈലജ പേഴ്‌സണല്‍ അസിസ്റ്റന്റ് വഴി ധനമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.
advertisement
മറ്റുള്ളവര്‍ക്കില്ലാത്ത എന്തു മെറിറ്റാണ് ലോകധര്‍മ്മിക്കുള്ളതെന്ന് വ്യക്തമാക്കണം. ഈ തുക കേരളത്തിലെ മൂന്നിടങ്ങളിലായി നാടകോത്സവങ്ങള്‍ക്കായി നീക്കിവച്ചിരുന്നെങ്കില്‍ പ്രളയാനന്തരം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ നിരവധി നാടകസംഘങ്ങള്‍ക്ക് നിലനില്‍പ്പിനുള്ള സാധ്യത തെളിയുമായിരുന്നു. കേരളത്തിലെ നാടകക്കാരും സംഘങ്ങളും സംഘടനയും പ്രളയം ബാധിച്ച കേരളത്തിന് കൈത്താങ്ങായി തങ്ങളാല്‍ ആവുന്ന പണം മുഖ്യമന്ത്രിയുടെ നിധിയിലേക്ക് അടച്ചിരുന്നു. സ്വന്തം അവസ്ഥയും ജീവിതവും മറന്നിട്ടു തന്നെയാണ് അത് ചെയ്തത്-ജെ ശൈലജ ഓര്‍മിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ പണം നീക്കിവച്ച സമയത്ത് തങ്ങളാരും പ്രതിഷേധിച്ചില്ല. ഈ ദുരിതകാലത്തും ഇതേ സംഘത്തിനു മാത്രം ഫണ്ട് നല്‍കുന്നതിലാണ് പരാതി. അത് സ്വജനപക്ഷപാതവും പ്രീണനവും മാത്രമാണന്നും അവര്‍ പറയുന്നു.
advertisement
ജെ ശൈലജ ധനമന്ത്രിക്ക് അയച്ച പരാതിയുടെ പൂര്‍ണരൂപം
പ്രിയപ്പെട്ട സഖാവ് തോമസ് ഐസക്കിന്,
ഞാന്‍ ജെ.ശൈലജ, (പറയാന്‍ ഒത്തിരി വിശേഷണങ്ങള്‍ ഉണ്ട്. ഈ കുറിപ്പില്‍ വേണ്ടെന്നു വയ്ക്കുന്നു ). വളരെ വേദനയോടെ ആണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ സഖാവ് എറണാകുളം ലോകധര്‍മ്മിയ്ക്കു പ്രഖ്യാപിച്ച ലക്ഷങ്ങള്‍ കാരണം പാവം പിടിച്ച കേരളത്തിലെ നാടകക്കാരുടെ ഇടയില്‍ (എല്ലാം പൊരുതി ജീവിയ്ക്കുന്ന, അപമാനിയ്ക്കപ്പെട്ടു കൊണ്ടേയിരിയ്ക്കുന്ന അരാചകവാദികള്‍) ഈ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക നയത്തെക്കുറിച്ചും നാടക ബന്ധത്തെക്കുറിച്ചും വലിയ അപമതിപ്പാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ ബജറ്റിലും ഇതേ വ്യക്തിയ്ക്കും സംഘത്തിനും പണം അനുവദിച്ചിരുന്നു. സഖാവിനെപ്പോലെ ഒരാള്‍ ഇത്രയും പരസ്യമായി സ്വജന പക്ഷപാതം കാണിയ്ക്കുന്നത് (അങ്ങനെ അല്ലെങ്കില്‍ എന്തു മെറിറ്റ് എന്നു പറയണം) എന്തു അടിസ്ഥാനത്തില്‍ എന്നു അറിയാന്‍ നാടകക്കാര്‍ ആഗ്രഹിയ്ക്കുന്നു. കേരളത്തിലെ ഒത്തിരി നാടകക്കാരും സംഘങ്ങളും സംഘടനയും പ്രളയം ബാധിച്ച കേരളത്തിന് കൈത്താങ്ങായി പണം മുഖ്യമന്ത്രിയുടെ നിധിയിലേക്ക് അടച്ചിരുന്നു. സ്വന്തം അവസ്ഥയും ജീവിതവും മറന്നിട്ടു അങ്ങനെ ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കു പിന്നീട് നാടകം ഉണ്ടാക്കാനും , കളിയ്ക്കാനും അതുവഴി ജീവിയ്ക്കാനും പറ്റാതായപ്പോള്‍ ഒരു കൈത്താങ്ങും എങ്ങുനിന്നും കിട്ടിയില്ല. അതിനു ശേഷം ബഹുഭൂരിപക്ഷം നാടക പ്രവര്‍ത്തകരും വരുമാനം ഇല്ലാതെ (പ്രളയ ശേഷമുള്ള വെട്ടിച്ചുരുക്കല്‍, സാംസ്‌ക്കാരിക പ്രവര്‍ത്തന മാന്ദ്യം) നട്ടം തിരിയുന്ന അവസ്ഥയാണ് ഉള്ളതെന്ന് സഖാവിന് അറിയുമോ? ഒരു വ്യക്തി സാമ്രാജ്യം പണിയുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ പട്ടിണി കിടക്കുകയാണ്.കേരളത്തിലെ നാടക പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഒരു അര്‍ഹതയും ഇല്ലാത്ത ഒരു സംഘത്തിന് സര്‍ക്കാര്‍ പണം രണ്ടാമതും പ്രഖ്യാപിച്ചു എന്നു പരക്കെ പരാതികള്‍ ഉയരുമ്പോള്‍ സഖാവിന് കണ്ടെത്താന്‍ കഴിഞ്ഞ മെറിറ്റ് എന്താണെന്നത് വലിയ ചര്‍ച്ചയാകുന്നു. ദയവായി തീരുമാനം പുനഃപരിശോധിയ്ക്കണം എന്നു അഭ്യര്‍ത്ഥിയ്ക്കുന്നു.
advertisement
അഭിവാദ്യങ്ങളോടെ
ജെ.ശൈലജ, ജനറല്‍ സെക്രട്ടറി NATAK (Network of Artistic Theatre Activists Kerala)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോകധര്‍മ്മി നാടകവേദിക്ക് രണ്ട് ബജറ്റിലൂടെ അരക്കോടി; പ്രതിഷേധവുമായി നാടകപ്രവർത്തകർ
Next Article
advertisement
GOAT Tour to India 2025 | മെസ്സിയുടെ ഇന്ത്യ സന്ദർശനം; കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെ ഹൈദരാബാദിനെ ഉൾപ്പെടുത്തി
GOAT Tour to India 2025 | മെസ്സിയുടെ ഇന്ത്യ സന്ദർശനം; കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെ ഹൈദരാബാദിനെ ഉൾപ്പെടുത്തി
  • മെസ്സിയുടെ GOAT ടൂർ 2025 ഡിസംബറിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നടക്കും.

  • ഹൈദരാബാദിൽ ഗച്ചിബൗളി അല്ലെങ്കിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിപാടി നടക്കും.

  • മെസ്സിയോടൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ടൂറിൽ പങ്കെടുക്കും.

View All
advertisement