മുംബൈയിൽ മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബാർജ് ദുരന്തത്തിന് കാരണം ക്യാപ്റ്റന് സംഭവിച്ച വീഴ്ചയാണെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട പാലക്കാട് കേരളശ്ശേരി സ്വദേശി പ്രണവ് വെളിപ്പെടുത്തുന്നു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പ്രണവ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പ്രണവ് പറയുന്നത് ഇങ്ങനെ.
മെയ് 15ന് തന്നെ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. മുൻകരുതൽ സ്വീകരിക്കാൻ ക്യാപ്റ്റന് നിർദ്ദേശവും കിട്ടിയതാണ്. എന്നാൽ മുൻകരുതലുകൾ എടുക്കാൻ ക്യാപ്റ്റൻ തയ്യാറാകാത്തതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് പ്രണവ് പറയുന്നു. മുൻകരുതലുകൾ സ്വീകരിച്ച് ഉടൻ തന്നെ തീരത്തേയ്ക്ക് മടങ്ങിയിരുന്നുവെങ്കിൽ ഇത്രയും പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ മറ്റു ബാർജുകളെല്ലാം തീരത്തേക്ക് മടങ്ങിയിരുന്നു. മുന്നറിയിപ്പ് കട്ടിയ പിറ്റേ ദിവസം മറ്റു ബാർജുകൾ പോവുന്നത് കണ്ടപ്പോൾ ഞങ്ങളെന്തുകൊണ്ട് മടങ്ങുന്നില്ലയെന്ന് വിചാരിച്ചു. അപ്പോൾ ഞങ്ങളുടെ ബാർജിന് സ്റ്റെബിലിറ്റി കൂടുതലാണെന്നും ചുഴലിക്കാറ്റിന് അത്രയൊന്നും വേഗതയില്ലയെന്നുമാണ് ക്യാപ്റ്റൻ പറഞ്ഞത്. ക്യാപ്റ്റൻ്റെ അനാസ്ഥ തന്നെയാണ് ഈ ദുരന്തത്തിന് കാരണമെന്ന് പ്രണവ് ആവർത്തിച്ചു.
26 l പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഇതിൽ പകുതിയോളം പേർക്ക് മാത്രമാണ് രക്ഷപ്പെടാനായത്. ക്യാപ്റ്റൻ രക്ഷപ്പെട്ടോ എന്നറിയില്ലെന്നും പ്രണവ് പറഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള രണ്ടര മണിക്കൂർ. രക്ഷയായത് ഐഎൻഎസ് കൊച്ചി ബാർജ് ദുരന്തമുണ്ടായ ദിവസം പ്രണവിന് ജീവിതത്തിൽ മറക്കാനാവാത്തതാണ്. ജീവിയ്ക്കുമെന്ന് ഒരുറപ്പുമില്ലാതെ കടലിൽ കഴിഞ്ഞത് രണ്ടര മണിക്കൂറോളമാണ്. ആ നിമിഷങ്ങളെക്കുറിച്ച് പ്രണവ് പറയുന്നു.
Also Read ബാർജ് ദുരന്തം; മരിച്ചവരുടെ എണ്ണം 49 ആയി; മൂന്ന് മലയാളികളും
"മെയ് 17നാണ് ബാർജ് അപകടത്തിൽ പ്പെട്ടത്. മുന്നറിയിപ്പ് ലഭിച്ചിട്ടും മടങ്ങാതെ നിന്നതിനാൽ തിരിച്ചു പോവാൻ കഴിയാത്ത തരത്തിൽ കാലാവസ്ഥ മാറിയിരുന്നു. രാവിലെ ഒൻപതരയ്ക്ക് ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. ബാർജ് മുങ്ങുകയാണെങ്കിൽ ലൈഫ് ജാക്കറ്റിട്ട് എല്ലാവരും സ്വയരക്ഷയ്ക്ക് വേണ്ടി വെള്ളത്തിലേക്ക് എടുത്ത് ചാടണം എന്നതായിരുന്നു അത്. അതിന് മുൻപ് തന്നെ ഞങ്ങൾ ലൈഫ് ജായ്ക്കറ്റുമായി റെഡിയായിരുന്നു. അറിയിപ്പ് കിട്ടുമ്പോൾ പലരും ക്ഷീണിതരായിരുന്നു. ശക്തമായ ചുഴലിക്കാറ്റിൽ ബാർജ് ശക്തമായി കുലുങ്ങിക്കൊണ്ടിരുന്നത് കൊണ്ട് പലരും ചർദ്ദിച്ച് അവശരായി. ഞാൻ ഏഴു മാസമായി ബാർജിൽ ജോലി ചെയ്തു വരികയായിരുന്നു. ആദ്യമായാണ് ഇങ്ങനൊരു പ്രതിസന്ധി."
"ഞങ്ങൾക്ക് ലൈഫ് ക്രാഫ്റ്റ് ഉണ്ട്. 25 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ ബോട്ടാണിത്. അതിൽ കയറി രക്ഷപ്പെടാൻ ഞങ്ങൾ ഒരു ശ്രമം നടത്തി. പതിനഞ്ചു പേരാണ് അതിൽ കയറിയത്. പക്ഷേ അവർ മരിച്ചുവെന്നാണ് പിന്നീട് അറിഞ്ഞത്. ബാർജിൻ്റെ അടിത്തട്ടിൽ വെള്ളം കയറി തുടങ്ങിയതോടെ ഞങ്ങൾ ബാർജൻ്റെ മുകൾ തട്ടിലേക്ക് കയറിക്കൊണ്ടിരുന്നു. ആദ്യം എല്ലാവരും ഒന്നാം നിലയിലായിരുന്നു. ബാർജ് മെല്ലെ താഴ്ന്നു തുടങ്ങി. അന്ന് വൈകീട്ട് അഞ്ചരയോടെ ബാർജ് പൂർണമായും മുങ്ങുന്നുവെന്ന് മനസ്സിലായ ഞങ്ങൾ ലൈഫ് ജാക്കറ്റിട്ട് കടലിലേക്ക് എടുത്ത് ചാടി. പക്ഷേ അപ്പോഴും ചിലർ ബാർജിൻ്റെ മുകൾതട്ടിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ രണ്ടു മണിക്കൂർ കടലിൽ തന്നെയായിരുന്നു. ഏഴരയോടെ രക്ഷാ കപ്പൽ INS കൊച്ചി എത്തി. കപ്പലിൻ്റെ ശ്രദ്ധ ആകർഷിയ്ക്കുന്നതിനായി ലൈഫ് ജാക്കറ്റിൽ ലൈറ്റ് സംവിധാനം ഉണ്ട്. എൻ്റടുത്തുള്ള സുഹൃത്ത് ലൈഫ് ജാക്കറ്റ് ഊരി എൻ്റെ കയ്യിൽ തന്നു. ഞാനത് രക്ഷാ ഭൗത്യവുമായെത്തിയവരെ വീശി കാണിച്ചു കൊണ്ടേയിരുന്നു. വിസിൽ അടിയ്ക്കുകയും ചെയ്തു. അതോടെ ഐ എൻ എസ് കൊച്ചിയിൽ നിന്നുള്ള ലൈറ്റ് ഞങ്ങളിലേക്ക് തെളിഞ്ഞു. ഞങ്ങളെ അവർ രക്ഷാകപ്പലിലേക്ക് വലിച്ചു കയറ്റി. ഞങ്ങൾക്ക് ഭക്ഷണവും വസ്ത്രവും തന്നു. എൻ്റൊപ്പം പതിനാറു പേരാണുണ്ടായിരുന്നത്. അതിൽ ആറു പേരോളമാണ് രക്ഷപ്പെട്ടത്. മറ്റുള്ളവരുടെ ഒരു വിവരവും പിന്നീട് ലഭിച്ചിട്ടില്ല."
"രണ്ടു മണിക്കൂറോളമാണ് കടലിൽ രക്ഷകർക്കായി കാത്ത് കടന്നത്. ആ സമയം ജീവിതം തിരിച്ചു കിട്ടുമെന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. രക്ഷപ്പെടുമെന്ന ഒരുറപ്പും ആർക്കുമില്ലായിരുന്നു. അവസാനം ഐഎൻഎസ് കൊച്ചി വന്നപ്പോഴാണ് പ്രതീക്ഷ വന്നത്. ആ കപ്പൽ വന്നില്ലായിരുന്നില്ലെങ്കിൽ ഞാനിപ്പോൾ സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു. ഐഎൻഎസ് കൊച്ചി എത്തുന്നതിന് മുൻപ് രണ്ട് കപ്പൽ വന്നിരുന്നു. പക്ഷേ അവർക്ക് ഞങ്ങളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ശക്തമായ തിരമാല ഞങ്ങളെ ഏറെ ദൂരം കൊണ്ടുപോയി. അങ്ങനെ ഏറെ നേരം കഴിഞ്ഞപ്പോഴാണ് ജീവിതത്തിലേക്ക് തിരിച്ചു കയറ്റാൻ രക്ഷാ കപ്പൽ ഐഎൻഎസ് കൊച്ചി വന്നത്. പ്രണവ് പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞു. മെയ് 19നാണ് പ്രണവ് രക്ഷപ്പെട്ട് മുംബൈ പോർട്ടിൽ എത്തുന്നത്. അന്ന് ഉച്ചയോടെ പൊലീസുകാർ ഞങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം റൂമിലേയ്ക്ക് മാറ്റി. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു."- പ്രണവ് പറഞ്ഞു.
ദൈവത്തിന് നന്ദി പറഞ്ഞ് പ്രണവിൻ്റെ മാതാപിതാക്കൾ
പ്രണവ് അപകടത്തിൽപ്പെട്ട വിവരമൊന്നും അച്ഛൻ രാജനും അമ്മ ഇന്ദിരയും അറിഞ്ഞിരുന്നില്ല. മുംബൈയിൽ നിന്നും ഫോൺ വിളിച്ചപ്പോൾ പറഞ്ഞത് മൊബൈൽ നഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്. മറ്റെല്ലാം ഇവിടെ വന്നപ്പോഴാണ് അറിയുന്നത്. മകനെ ജീവനോടെ തിരിച്ചുനൽകിയതിന് ദൈവത്തോട് നന്ദി പറയുന്നതായി അമ്മ പറഞ്ഞു.
ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രണവ് പറയുന്നു. സർട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. തിരിച്ചു പോവണമെന്നാണ് ആഗ്രഹം. ജോലി അത്യാവശ്യമാണ്. നമ്മൾ ഒരു തവണ ബൈക്കിൽ നിന്നും വീണെന്ന് കരുതി തുടർന്ന് ബൈക്കെടുക്കാതിരിക്കില്ലല്ലോ, പ്രണവ് പറഞ്ഞു നിർത്തി.
ഒ എൻജിസിയുമായി ഉപകരാറിൽ ഏർപ്പെട്ട ആർ.കെ ഇൻസ്ട്രുമെൻ്റേഷൻ എന്ന കമ്പനിയിൽ 2020 നവംബർ അസിസ്റ്റൻ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ് പ്രണവ് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone Tauktae