നവകേരള സർവേ ഹൈക്കോടതി ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവേ നടത്തുന്നതെന്നും ബജറ്റിൽ വകയിരുത്തിയ പണമാണ് സർവേയ്ക്ക് ചെലവഴിക്കുന്നതെന്നും ഹൈക്കോടതി ഇടപെടൽ ഗൗരവകരമായ ഭരണഘടനാ പ്രശ്നം ഉണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്
തിരുവനന്തപുരം: നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ സർക്കാർ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. സർക്കാരിന്റെ ഭരണനിർവഹണാധികാരത്തിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായെന്നും ഇത് ഗുരുതര പിഴവാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവേ നടത്തുന്നതെന്നും ബജറ്റിൽ വകയിരുത്തിയ പണമാണ് സർവേയ്ക്ക് ചെലവഴിക്കുന്നതെന്നും ഹൈക്കോടതി ഇടപെടൽ ഗൗരവകരമായ ഭരണഘടനാ പ്രശ്നം ഉണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്.
സംസ്ഥാന സർക്കാർ നടത്തിവന്ന നവകേരള സർവേ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർവേ റദ്ദാക്കിയത്.
കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സർവേക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ ചെലവിൽ നടത്തുന്ന ഈ സർവേ യഥാർത്ഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്യുന്നുവെന്നും ഇതിലൂടെ പാർട്ടിക്കുവേണ്ടി വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്.
advertisement
സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Summary: The Kerala state government has filed a Special Leave Petition (SLP) in the Supreme Court, seeking to stay the High Court’s order that halted the "Navakerala Survey." The government argues that the High Court's intervention in its administrative powers is a "serious error." The state claims the High Court's decision creates a grave constitutional issue by interfering with the executive powers of the Cabinet.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 18, 2026 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സർവേ ഹൈക്കോടതി ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി










