താനൂരിൽ അപകടത്തിൽപെട്ട അറ്റ്ലാൻ്റിസ് ബോട്ട് ഉടമ പി. നാസറിന് മേൽ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പോലീസ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നാണ് ഇയാളെ മലപ്പുറം എസ്.പിയുടെ പ്രത്യേക സംഘം പിടികൂടിയത്. അപകടം നടന്ന ഉടൻ നാസർ രാജ്യം വിടാൻ തയ്യാറെടുത്തതായി പോലീസ് പറഞ്ഞു. പക്ഷേ ഇത് മുൻകൂട്ടിക്കണ്ട് കോഴിക്കോട്, കൊച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ പോലീസ് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കൊച്ചിയിൽ വച്ച് അഭിഭാഷകനെ കണ്ട് മടങ്ങുകയായിരുന്ന ഇയാളുടെ സഹോദരനെ പിടികൂടുക കൂടി ചെയ്തതോടെ പോലീസിന് ഇയാളിലേക്ക് വേഗത്തിലെത്താൻ കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി നാസറിനെ കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് കൊണ്ട് വന്നു. താനൂർ ബോട്ടപകടം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യും. വൈകിട്ട് പരപ്പനങ്ങാടി കോടതിയിലാകും നാസറിനെ ഹാജരാക്കുക. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും മറ്റും പിന്നീട് നടത്തും.
നിലവിൽ നരഹത്യാകുറ്റമാണ് നാസറിനെതിരെയുള്ളത്. വധശ്രമത്തിനടക്കമുള്ള വകുപ്പുകൾ ചേർത്ത് കൂടുതൽ കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തും. മലപ്പുറം എസ്.പി. സുജിത്ത് ദാസിൻ്റെ മേൽനോട്ടത്തിൽ താനൂർ ഡിവൈഎസ്പി വി.വി. ബെന്നിയാണ് കേസന്വേഷിക്കുന്നത്.
ഏറെ രാഷ്ട്രീയ സ്വാധീനമുള്ള നാസറിനെ ബോട്ടപകടം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ പോലീസിന് സാധിച്ചത് കേസിൽ നേട്ടമായാണ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boat Accident, Fishing boat accident, Tanur boat tragedy