'സ്ഥാനലബ്ധിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നു'; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എൻഎസ്എസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷവിമർശനങ്ങളുമായി എൻഎസ്എസ്. ആവശ്യം വരുമ്പോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചത്.
പ്രതിപക്ഷ നേതാവ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് എൻഎസ്എസ് വിമർശനം. തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ തന്നെ പ്രതിപക്ഷനേതാവ്, മത-സാമുദായിക സംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
എൻഎസ്എസ് പറഞ്ഞാൽ കോൺഗ്രസ് ഇരിക്കണം, പക്ഷെ കിടക്കരുത്. വിഡി സതീശൻ മാധ്യമങ്ങൾക്ക് നൽകിയ ഈ പ്രസ്താവനയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ചൊടിപ്പിച്ചത്.
advertisement
പ്രസ്താവനയുടെ പൂര്‍ണരൂപം
ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളത്.
advertisement
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം.
പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.
ആവശ്യം വരുമ്പോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല.
advertisement
ഈ തിരഞ്ഞെടുപ്പില്‍ മുന്നണിവ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍.എസ്.എസ്സില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ ഒരു നിലപാട് എന്‍.എസ്.എസ്. സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുദിവസത്തില്‍ ഉണ്ടായ എന്‍.എസ്.എസ്സിന്റെ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല.
പ്രതിപക്ഷനേതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.എന്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കുകയും ചെയ്യും.
advertisement
കെപിസിസി നിലപാട് വ്യക്തമാക്കുമോ ?
സുകുമാരൻ നായരുടെ പ്രതികരണത്തോട് കെപിസിസി നേതൃത്വം നിലപാട് വ്യക്തമാക്കുമോ എന്നാണ് അറിയാനുള്ളത്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സതീശൻ സ്വന്തം നിലപാട് വ്യക്തമാക്കിയത് എൻഎസ്എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന് സതീശൻ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ ആണ് തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാര്യം ആയി ഉയർത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് വാർത്താസമ്മേളനം നടത്തി ശബരിമല സംരക്ഷണനിയമത്തിന്റെ കരട് പുറത്തുവിട്ടിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരുമായി കടുത്ത ഏറ്റുമുട്ടലിൽ സർക്കാർ തുടരുകയാണ്. ഇതിനിടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് വിഡി സതീശനും ആയി ഒരു ഇതേ വിഷയത്തിൽ കൂടി തർക്കം ഉണ്ടാകുന്നത്.
advertisement
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സ്ഥാനത്തുനിന്ന് മാറ്റിയതിൽ സുകുമാരൻനായർക്ക് അഭിപ്രായഭിന്നത ഉണ്ടെന്നാണ് സൂചന. സതീശനെ വിമർശിച്ച് സുകുമാരൻ നായർ വാർത്താകുറിപ്പ് ഇറക്കിയതിനു പിന്നിൽ ഇതും കാരണം ആണോ എന്നാണ് അറിയാനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ഥാനലബ്ധിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നു'; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എൻഎസ്എസ്