തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ചെയ്ത ഉദ്യോഗസ്ഥർക്ക് സ്വർണം സമ്മാനം നൽകാനുള്ള തീരുമാനം പിൻവലിച്ച് സപ്ലൈകോ. സപ്ലൈകോ മേഖല, അസിസ്റ്റന്റ് മേഖല മാനേജർക്ക് ഒരു ഗ്രാം വീതവും ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം വീതവും സ്വർണമാണു വെള്ളിയാഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റേഷൻ വ്യാപാരികളും ഒരുവിഭാഗം സപ്ലൈകോ ജീവനക്കാരും സർക്കാരിനെ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് സപ്ലൈകോ തീരുമാനം പിൻവലിച്ചത്. ഡിപ്പോ മാനേജർമാർക്കു മാത്രം നൽകിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം.
സപ്ലൈകോയുടെ ഓണം സമ്മാനമഴ വിജയികൾക്കുള്ള സ്വർണം വിതരണത്തോടൊപ്പമാണ് ഉദ്യോഗസ്ഥർക്കും സമ്മാനം പ്രഖ്യാപിച്ചിരുന്നത്. വിവാദത്തെത്തുടർന്ന് വെള്ളിയാഴ്ച ഓണം സമ്മാനമഴ വിജയികൾക്കുമാത്രം സ്വർണം നൽകിയാൽമതിയെന്നു സപ്ലൈകോ ഉത്തരവിറക്കി. ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തവകയിൽ 55 കോടിരൂപയാണ് റേഷൻവ്യാപാരികൾക്ക് കമ്മീഷനായി സർക്കാർ നൽകാനുള്ളത്.
Also read- പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ആദ്യം കമ്മീഷൻ നൽകാമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് പിൻമാറുകയായിരുന്നു. ഓണക്കിറ്റ് തയാറാക്കുന്നതിൽ മേഖലാ മാനേജർക്കും അഡീഷണൽമാനേജർമാർക്കും എന്തു പങ്കാണുള്ളതെന്ന് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ അഭിപ്രായമുണ്ടായി. ഇതിനായി അധ്വാനിച്ചത് ഡിപ്പോ മാനേജർമാരാണെന്നും അവരെ ആദരിക്കുന്നതിൽ തെറ്റില്ലെന്നും അഭിപ്രായം ഉയർന്നു.
അതിനാൽ മാനേജർമാർക്കുള്ള സ്വർണനാണയം നൽകേണ്ടതില്ലെന്ന് കോർപ്പറേഷന്‍റെ ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ നിർദേശിച്ചു. ഇതോടെയാണ് ഡിപ്പോ മാനേജർമാർക്കു മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. റേഷൻവ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെങ്കിലും ഇതുവരെ കമ്മീഷൻ തുക നൽകിയിട്ടില്ല. ഇതാണ് ഉദ്യോഗസ്ഥർക്ക് സ്വർണം നൽകുന്നതിനെ റേഷൻവ്യാപാരികൾ എതിർക്കാനുള്ള പ്രധാന കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.