തിരുവനന്തപുരം: പാലുകാച്ചൽ ചടങ്ങിനു പോയിവരുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടുവയസ്സുകാരൻ മരിച്ചു. കുട്ടിയുടെ അച്ഛനാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലതിൽവീട്ടിൽ ബിനുമോന്റെയും രാജിയുടെയും മകൻ അഭിനവാണ് മരിച്ചത്.
Also read- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 4 മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസ കൂടും
വെള്ളുമണ്ണടി സർക്കാർ എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഭിനവ്. ഓട്ടോ ഓടിച്ചിരുന്ന ബിനുമോൻ (40), ബിനുമോന്റെ ഭാര്യ രാജി (28), ഇവരുടെ മറ്റൊരു മകൻ വൈഷ്ണവ് (11), ബിനുമോന്റെ സഹോദരപുത്രൻ അദ്വൈത് (13), ബിനുവിന്റെ പിതാവ് ധർമ്മരാജൻ (61) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ മേലാറ്റുമൂഴി ജങ്ഷനിൽ പോസ്റ്റ് ഓഫീസിനു സമീപമായിരുന്നു അപകടം.
നിരപ്പായ റോഡിലൂടെ വരുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോയുടെ അടിയിൽപ്പെട്ട അഭിനവിന് ഗുരുതരപരിക്കുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ അഭിനവ് മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.