ചിറയിൻകീഴ് മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
- Published by:Anuraj GR
- news18-malayalam
Last Updated:
ക്രിസ്റ്റിൻ രാജിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെയും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റിന്റെയും ബോട്ടും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്‌റ്റീഫൻ്റെ മകൻ ക്രിസ്റ്റിൻ രാജി (19) നെയാണ് കാണാതായത്. ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം.
പുതുക്കുറുച്ചി സ്വദേശി ജാഫർഖാന്റെ വള്ളത്തിലാണ് ക്രിസ്റ്റിൻ രാജും മറ്റു മൂന്നു പേരും മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്. ഹാർബറിന്റെ പ്രവേശന കവാടത്തിൽ വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരും നീന്തി രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന അൻസാരിയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ക്രിസ്റ്റിൻ രാജ് ശക്തമായ തിരമാലകളിൽ പെട്ടു പോകുകയായിരുന്നു. ക്രിസ്റ്റിൻ രാജിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെയും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റിന്റെയും ബോട്ടും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.
advertisement
രണ്ടാഴ്ച മുമ്പ് ഷാജു എന്ന മത്സ്യത്തൊഴിലാളി മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു മരണപ്പെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ ഷാജുവിന് 35 വയസ് ആയിരുന്നു. വള്ളം മറിഞ്ഞാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്.
അതിനിടെ തിരുവനന്തപുരം അഞ്ചുതെങ്ങ് കടപ്പുറത്ത് കടലില്‍ കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം വെട്ടുതുറയില്‍ തീരത്ത് അടിഞ്ഞു. അഞ്ചുതെങ്ങ് ഒന്നാം പാലം കൂട്ടില്‍ വീട്ടില്‍ അഞ്ചുവയസ്സുള്ള മുഹമ്മദ് ഷഹബാസിെന്റ മൃതദേഹമാണ് വ്യാഴാഴ്ചയോടെ തീരത്ത് അടിഞ്ഞത്. കഠിനംകുളം വെട്ടുതുറ കടല്ക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തെ കടപ്പുറത്ത് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കടലില്‍ കാണാതായത്. തുടര്‍ന്ന്, അഞ്ചുതെങ്ങ് പൊലീസും കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച വെട്ടുതുറ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2021 12:06 PM IST