Kerala Rain| കൊക്കയാർ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 20 ആയി
- Published by:Naseeba TC
- news18-malayalam
Last Updated:
ഒഴുക്കിൽപെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ(Kokkayar Landslide)ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കിൽപെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആൻസിയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊക്കയറായിൽ ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ സമീപകാലത്തെ ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കൂട്ടിക്കലിലും കൊക്കയാറിലുമുണ്ടായത്. കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. ആൻസിയടക്കം കൊക്കയാറിൽ മാത്രം എട്ടു പേർ മരിച്ചു.
ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ 774 വീടുകളാണ് തകർന്നത്. കൊക്കയാർ, പെരുവന്താനം മേഖലകളിലുണ്ടായ വലുതും ചെറുതുമായ ഉരുൾപൊട്ടലിൽ 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നെന്നാണ് റവന്യൂവകുപ്പിൻറെ പ്രാഥമിക കണക്ക്.
advertisement
Also Read-എവിടെയാണ് ഉരുൾപൊട്ടൽ ദുരന്തം വിതച്ച കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, കൊക്കയാര്‍ എന്നീ സ്ഥലങ്ങൾ?
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. നാശ നഷ്ടം കൃത്യമായി കണക്കാക്കാൻ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ 43 പേരാണ് മരിച്ചത്.
advertisement
ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു.
ഇതിനിടയിൽ തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഒക്ടോബർ 26 വരെ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചയും കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും പ്രവചനമുണ്ട്.
advertisement
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് ഇല്ല. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിൽ നിന്ന് കൊക്കയാറിലേക്ക് ഏതാണ്ട് മൂന്നു കിലോമീറ്ററാണ് ദൂരം. കോട്ടയം ജില്ലയുടെയും കാഞ്ഞിരപ്പള്ളി താലൂക്കിന്റെയും അതിർത്തിയാണ് കൂട്ടിക്കൽ. ഇവിടെ നിന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കുകയാണ്. ഒരു ചപ്പാത്ത് കഴിഞ്ഞാൽ കൊക്കയാറിലേക്ക് കടക്കാനാകും. ഇങ്ങനെയാണ് ഈ ദുരന്തഭൂമികളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്. ഇടുക്കി ജില്ലയിൽ നിന്നും മുണ്ടക്കയത്തെ ബോയ്സ് എസ്റ്റേറ്റ് വഴി മറ്റൊരു വശത്തുകൂടെയും കൊക്കയാറിലേക്ക് വരാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2021 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain| കൊക്കയാർ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 20 ആയി