തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും, കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.നിയമങ്ങൾ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കുടിയൊഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. അയൽവാസി നൽകിയ പരാതിയെത്തുടർന്ന് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു .ഇത് നടപ്പാക്കാൻ അധികൃതർ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.
ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപത്തിൽ
കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭർത്താവിനു പുറമെ ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടത്.
കൊവിഡ് സമയത്ത് തൊഴിലും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ് ലക്ഷോപലക്ഷം ജനങ്ങൾ. ചോറ് ഉണ്ണാനിരുന്ന പിതാവിന്റെ ഷർട്ടിനു പിടിച്ചു വലിച്ച് വെളിയിലിറക്കി എത്രയും പെട്ടെന്ന് കുടിയൊഴിഞ്ഞു പോകണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നാണ് മകൻ രാഹുൽരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
Also Read വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
അര മണിക്കൂർ സാവകാശം ചോദിച്ചിട്ടും ഉദ്യോഗസ്ഥർ അത് നൽകിയില്ലെന്ന് മകൻ പറയുന്നു.
കൊവിഡ് മൂലവും മറ്റു പലകാരണങ്ങളായും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയും. ഇനിയൊരിക്കലും ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ സർക്കാർ തലത്തിൽ കർശന നിർദ്ദേശവും നടപടിയും ഉണ്ടാകണം. നെയ്യാറ്റിൻകരയിലെ സംഭവത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണം. മാന്യമായും മനുഷ്യത്വപരമായും ജനങ്ങളോട് സർക്കാരും അതിന്റെ പ്രതിനിധികളും ഇടപെടണം.
രാജനും അമ്പിളിക്കും ആദരാഞ്ജലികൾ. ആ കുടുംബത്തിന്റെ വേദനയോടൊപ്പം നിൽക്കുന്നു. അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Commit suicide, Husband and wife, Ramesh chennithala, Thiruvananthapuram