'അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തം; സർക്കാരിന്‍റെ പതിവ് തന്ത്രം': പ്രതിപക്ഷനേതാവ് വി ഡി സതീശൻ
- Published by:Anuraj GR
- news18-malayalam
Last Updated:
കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാർക്കിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തമുണ്ടാകുന്നത് സർക്കാരിന്‍റെ പതിവ് തന്ത്രമാണെന്നും വി ഡി സതീശൻ ആരോപിച്ചു.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലെ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ലെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലത്തും ഇപ്പോള്‍ തിരുവനന്തപുരത്തും മരുന്നുസംഭരണ ശാലകളില്‍ തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായത്. അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
advertisement
ഏതൊരു ഗോഡൗണിലും ഫയര്‍ എന്‍ഒസി വേണമെന്നാണ് ചട്ടം. കൊല്ലത്ത് തീപിടിച്ച ഗോഡൗണില്‍ ഫയർ എന്‍ഒസി ഇല്ലായിരുന്നു. കൊല്ലത്ത് തീപിടിത്തമുണ്ടായ അതേ കാരണത്താലും സാഹചര്യത്തിലുമാണ് തിരുവനന്തപുരത്തും തീപിടിത്തമുണ്ടായത്. ഇത് അവിശ്വസനീയമായ കാര്യമാണ്. ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണം. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 23, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തം; സർക്കാരിന്‍റെ പതിവ് തന്ത്രം': പ്രതിപക്ഷനേതാവ് വി ഡി സതീശൻ