തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് പ്രതിപക്ഷം ഉന്നയിക്കുന്ന അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന ഉത്തരവ് 2019 ല്‍ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങള്‍ പഠിച്ചില്ല. മാനുവല്‍ സര്‍വെ നടത്തണമെന്നത് ഉള്‍പ്പെടെ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സമര്‍പ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേര്‍ക്കാനോ തയാറായില്ല. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ചെയര്‍മാനായ സമിതിയെയാണ് ഇപ്പോള്‍ എല്ലാ ചുമതലകളും ഏല്‍പ്പിച്ചിരിക്കുന്നത്.
Also Read-ബഫർ സോണിൽ ഫീൽഡ് സർവ്വേ നടത്തും; സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടും
സെപ്തംബര്‍ 30 ന് നിയോഗിച്ച സമിതി ചെയര്‍മാന്റെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്, കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച ശേഷിക്കേ ഡിസംബര്‍ 16 നാണ്. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും ഇടക്കാല റിപ്പോര്‍ട്ട് നല്‍കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ അന്വേഷിച്ചോ? കാലാവധി മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ സമിതി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അന്വേഷിച്ചോ? ഓഗസ്റ്റ് 29- ന് കിട്ടിയ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതാണെന്ന് മനസിലായിട്ടും മൂന്നരമാസത്തോളം ഒളിച്ചുവച്ചത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടിയ ഗുരുതരമായ അനാസ്ഥയ്ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ. ഒരു ചോദ്യത്തിനും സര്‍ക്കാരിന് ഉത്തരം പറയാനാകില്ല. വിഷയത്തില്‍ പ്രതിപക്ഷം സംവാദത്തിനും തയാറാണെന്നും വി.ഡി സതീശന് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.