കൊച്ചി: കേരളത്തിൽ അടിക്കടി ഉണ്ടാവുന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ(V. D. Satheesan). പരസ്പരം കൊന്നൊടുക്കി കേരളത്തിന്റെ സമാധാനന്തരീഷം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ നിലയ്ക്ക് നിറുത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കേരളത്തിൽ ഉടനീളം ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. വർഗീയ ശക്തികളെ തളക്കാൻ സർക്കാരിന് കഴിയുന്നില്ല.
വർഗീയ സംഘടനകളുടെ നേതാക്കൾക്ക് ഗൂഡാലോചനയിൽ പങ്കുണ്ട്. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണ്. വർഗീയത പരസ്പരം ആയുധമെടുത്ത് പോരാടിക്കുമ്പോൾ ശക്തമായ നടപടി എടുക്കാൻ പോലീസിന് കഴിയുന്നില്ല. പരസ്പരം പാലൂട്ടി വളർത്തുന്നവരാണ് ഇവർ. അക്രമങ്ങൾ മനപൂർവമാണ്. ഇത് കേരളത്തിന് യോജിച്ചതല്ല. ഇത്തരം വർഗീയ ശക്തികൾ പോലീസിലും നുഴഞ്ഞു കയറിയിട്ടുണ്ട്. പൊലീസിന്റെ കയ്യിലുള്ള വിവരങ്ങൾ അവർ രാഷ്ട്രീയ നേതാക്കൾക്ക് ചോർത്തി കൊടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
പിണറായി വിജയന്റെ വർഗീയപ്രീണന നയങ്ങൾ ആണ് ആക്രമത്തിന് കാരണം. വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറി എന്ന് സിപിഐ നേതാക്കളായ ഡി രാജയും ആനി രാജയും പറഞ്ഞത് ശരിയാണ്. അന്ന് അത് പറഞ്ഞതിന്റെ പേരിൽ അവരും വിമർശനം നേരിട്ടു. ഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ശക്തമായി പരിശോധിക്കണം. ഇന്റലിജൻസ് ഉൾപ്പടെ ഇക്കാര്യം പരിശോധിക്കണം.
Also Read-
ലോക സമാധാനത്തിന് രണ്ടു കോടി നീക്കിവച്ച സംസ്ഥാന സർക്കാർ സംസ്ഥാനത്തിന്റെ സമാധാനം നിലനിർത്തണം: വിഡി സതീശൻകേരളത്തിലെ വർഗീയശക്തികൾ പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഇവരുടെ നിലനിൽപ് മറുഭാഗം കാണിക്കുന്ന ആക്രമണം ആണ്. ഇതു കേരള രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല. വർഗീയ ധ്രുവീകരണത്തെ ഗൗരവത്തോടെ നോക്കി കാണണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികൾ തന്നെയാണ് ഇതിനൊക്കെ കാരണം. സംഘടനകളുടെ നേതൃത്വത്തിൽ ഉള്ളവരും ഗൂഢാലോചനയിൽ പങ്കാളികളാണ്. എസ്. ഡി. പി. ഐയും ആർ. എസ്. എസും സി. പി. എമ്മുമായി പല കൊടുക്കൽ വാങ്ങൽ നേരത്തെ നടത്തിയിട്ടുണ്ട്. സർക്കാരിന് ഇവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
Also Read-
മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശംലോക സമാധാനത്തിനു രണ്ട് കോടി ബജറ്റിൽ നീക്കി വച്ച സംസ്ഥാനത്താണ് സമാധാന ലംഘനം നടക്കുന്നത്. അതിനാൽ സംസ്ഥാനത്തെ സമാധാന അന്തരീഷം സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണം. രണ്ടു പിള്ളേർ പുസ്തകം കൈ വച്ചു എന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത സർക്കാരാണ്. അരി ചോദിച്ച് ചെന്നവരെ മാവോയിസ്റ്റ് എന്നു പറഞ്ഞ് വെടിവച്ചു കൊന്ന സർക്കാരാണ്. അവർക്കാണ് വർഗീയ സംഘടനകളെ നിലയ്ക്ക് നിറുത്തുവാൻ കഴിയാതെ പോവുന്നതെന്നും സതീശൻ ആരോപിച്ചു.
കേരളത്തിലെ ആക്രമണങ്ങളിൽ മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ട്. ജില്ലാ കളക്ടർമാരെ പാർട്ടി നേതൃത്വങ്ങൾ സ്വാധീനിക്കുന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവം എന്നാണ് പറയുന്നത്. സർക്കാർ നടത്തുന്നത് വർഗീയ പ്രീണനമാണ്. അതിന്റെ ഫലം ആണ് ആക്രമണ സംഭവങ്ങൾ. ദേശീയ തലത്തിൽ പോലും കേരളത്തിന്റെ പ്രതിച്ഛായ മോശം ആകുന്നു. ശക്തമായ പ്രക്ഷോഭത്തെ കുറിച്ചു യുഡിഎഫ് ആലോചിക്കും.
പി ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ കാര്യം താൻ അറിഞ്ഞില്ല. അതേക്കുറിച്ചുള്ള വാർത്തയൊന്നും കണ്ടില്ല. തൃക്കാക്കരയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച ചർച്ച തുടങ്ങും. ആരെയൊക്കെ പരിഗണിക്കുന്നു എന്നു ഇപ്പോൾ പറയാൻ ആവില്ല. കെ വി തോമസിനെ രാഷ്ട്രീയ കാര്യസമിതി യോഗത്തിലേക്ക് ക്ഷണിച്ചോയെന്ന് അറിയില്ല. വിളിച്ചു കാണില്ലായിരിക്കാം. അതൊക്കെ തീരുമാനിക്കേണ്ടത് കെ പി സി സി പ്രസിഡണ്ട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടിയാലോചനകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.