കൊല്ലം: വീട്ടുനികുതിയടപ്പിക്കാൻ സര്‍ക്കാര്‍ ജീവനക്കാരെന കുറിച്ച് പാരഡി പാടിയ പഞ്ചായത്ത് ജീവനക്കാരനെതിരെ പരാതി. ഉച്ചഭക്ഷണസമയത്ത് പഞ്ചായത്ത് ജീവനക്കാരൻ ഹാസ്യരൂപേണ പാടിയ പാരഡി ഗാനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വീട്ടുടമ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് വീട്ടുടമയോട് നികുതിയടയ്ക്കാൻ ആവശ്യപ്പെടുന്ന രീതിയിൽ ഹാസ്യഗാനം പാടി പുലിവാല് പിടിച്ചത്.
സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ പാടിയ പാരഡി ഗാനം മറ്റാരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ നൂറുശതമാനം നികുതിപിരിവ് ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരനായ വീട്ടുടമയെ പഞ്ചായത്തിലെ സെക്‌ഷൻ ക്ലാർക്ക് ഫോണിൽ ബന്ധപ്പെടുകയും നികുതിയടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനായ വീട്ടുടമയ്ക്ക് നേരിട്ടെത്തി നികുതിയടയ്ക്കാൻ കഴിഞ്ഞില്ല. അതിനാല്‍ ഓൺലൈനിലൂടെ നികുതിയടയ്ക്കാമെന്ന് ഉടമ അറിയിക്കുകയും ചെയ്തിരുന്നു.
‘വ്യാജ കൈക്കൂലിക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു’; സർക്കാർ ഡോക്ടർമാർക്ക് പിന്തുണയുമായി നാട്ടുകാർ
ഇതിനിടെയാണ് പഞ്ചായത്ത് ജീവനക്കാരന്‍റെ വൈറലായ ഹാസ്യഗാനം പ്രചരിച്ചത്. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന സിനിമാപാട്ടിന്‍റെ ഈണത്തിൽ വീട്ടുടമയെ തിരിച്ചറിയത്തക്കവിധമായിരുന്നു പാരഡി. ‘വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ബിൽ കളക്ടറുടെ ഭാവനാസുന്ദരമായ ഡിമാൻഡ് നോട്ടീസ്’ എന്ന കുറിപ്പോടെയാണ് ശബ്ദസന്ദേശം പ്രചരിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുടമ പഞ്ചായത്ത് സെക്രട്ടറിയോട് ഫോണിലും രേഖാമൂലവും പരാതി നൽകിയിട്ടുണ്ട്. 31-ാം തീയതി വരെ നികുതിയടക്കാന്‍ സമയമുള്ളപ്പോള്‍ നവമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും വീട്ടുടമയായ സർക്കാർ ജീവനക്കാരൻ പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ദിവസം നികുതി പിരിക്കാനെത്തിയ മറ്റൊരു ജീവനക്കാരിയുടെ കൈവശം ബന്ധുക്കൾ മുഖേന നികുതി അടച്ചതായും അതിനുശേഷമാണ് ഗാനം വ്യാപകമായി പ്രചരിച്ചതെന്നും വീട്ടുടമ പറഞ്ഞു.
സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാരൻ ഉച്ചഭക്ഷണസമയത്ത് തമാശരൂപേണ പാടിയ ഗാനം മറ്റാരോ പ്രചരിപ്പിച്ചതാണെന്നും പഞ്ചായത്ത് സെക്രട്ടറി എസ്.ശിവപ്രകാശ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാരനോട് വിശദീകരണം ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.
.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.