രാജു ഗുരുവായൂർ
തൃശൂർ: സംസ്ഥാനത്തെ ഏക കെ എസ് ആർ ടി സി വനിതാ ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം.
തൃശൂർ ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. പ്രതിയായ ആലപ്പുഴ കൈനഗിരി രഞ്ജിത്ത് എന്ന യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കോതമംഗലം കോട്ടപ്പാടി സ്വദേശിനി വി പി ഷീലയേയും കണ്ടക്ടർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി സത്യനാരായണനെയുമാണ് യുവാവ് മർദിച്ചത്. പ്രതിയായ രഞ്ജിത്തിനോട് ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കണ്ടക്ടർ സത്യനാരായണന് മർദനമേറ്റത്. കണ്ടക്ടറുടെ തല കമ്പിയിൽ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിർത്തി ക്രൂരമായ മർദ്ദിക്കുകയും ചെയ്തു.
ഇത് കണ്ട് തടയാൻ ശ്രമിച്ച ഷീലയെ മുഖത്ത് ഇടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ഷർട്ട് വലിച്ച് കീറുകയുമായുമായിരുന്നു. തലയിലും കൈയിലും ഷീലയ്ക്കും മർദനമേറ്റു. സംഭവ സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കർ ചേർന്ന് യുവാവിനെ പിടിച്ചു നിർത്തി ഷീല ബസ് ഡിപ്പോയിലേക്ക് എത്തിച്ചു.
തുടർന്ന് പോലീസ് എത്തി യുവാവിനെ അറ്റസ്റ്റ് ചെയ്തു. പരിക്കേറ്റ ഷീലയും കണ്ടക്ടറും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് സ്റ്റേഷനിലും പ്രകോപിതനായിരുന്ന പ്രതി സ്റ്റേഷനകത്ത് മൂത്രവിസർജനം നടത്തിയാതായും ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.