ഫോൺ വിവാദത്തിൽ തന്നെയും ഉൾപ്പെടുത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് നോക്കിയെന്ന് പിസി ചാക്കോ; ഗൂഢാലോചന കെപിസിസി ഓഫീസിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
വിവാദത്തിൽ തന്നെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമം കോൺഗ്രസ് നടത്തിയതായി എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ആരോപിക്കുന്നു
കോട്ടയം: മന്ത്രി എ കെ ശശീന്ദ്രൻ സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഫോൺ വിളിച്ചു എന്ന് സംഭവത്തിൽ തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ഇരിക്കുകയാണ് എൻസിപി. ഇതിനിടെയാണ് ഫോൺ ചോർത്തൽ വിവാദം ആളികത്തിക്കാൻ പ്രതിപക്ഷം പല നീക്കങ്ങളും നടത്തിയതായി പിസി ചാക്കോ ആരോപിക്കുന്നത്. കേവലം മന്ത്രി എ കെ ശശീന്ദ്രനിലേക്ക് ഒതുക്കിത്തീർക്കാൻ ആയിരുന്നു ആദ്യശ്രമം എങ്കിലും വിവാദത്തിൽ തന്നെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമം കോൺഗ്രസ് നടത്തിയതായി എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ആരോപിക്കുന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ കഴിഞ്ഞദിവസം ചേർന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് ഇത്തരത്തിൽ ആലോചന നടത്തിയത്.
പിസി ചാക്കോ നിർദ്ദേശിച്ച പ്രകാരമാണ് മന്ത്രി എ കെ ശശീന്ദ്രൻ പരാതിക്കാരിയായ പെൺകുട്ടിയെ വിളിച്ചത് എന്ന വരുത്തി തീർക്കാനാണ് ഗൂഢാലോചന നടന്നത്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തലപ്പത്തുള്ള നാല് നേതാക്കളാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കോട്ടയത്ത് നിന്നുള്ള മുതിർന്ന നേതാവ് ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നതായി പിസി ചാക്കോ ആരോപിക്കുന്നു. എന്നാൽ യോഗത്തിൽ പങ്കെടുത്ത ഒരു നേതാവ് ഇതിനെ എതിർക്കുകയായിരുന്നു. വിവാദത്തിന് ഇപ്പോൾ കിട്ടിയ മൈലേജ് പുതിയ ആരോപണം വന്നാൽ ഉണ്ടാകില്ല എന്നാണ് യോഗത്തിൽ ഈ നേതാവ് അഭിപ്രായപ്പെട്ടത് എന്ന പിസി ചാക്കോ ആരോപിക്കുന്നു.
advertisement
വിവാദത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എടുത്ത നിലപാട് എൻസിപി നേതൃത്വത്തിന് ആശ്വാസം പകരുന്നുണ്ട്. എ കെ ശശീന്ദ്രൻ രാജിവെക്കേണ്ട എന്ന നിലപാട് എൻസിപി ആവർത്തിക്കാനുള്ള കാരണം ഇതാണ്. ഈ വിഷയം കോൺഗ്രസിന് ആളിക്കത്തിക്കാൻ ധാർമ്മികമായ അവകാശം ഇല്ല എന്നും പിസി ചാക്കോ ആരോപിച്ചു. ഒരു മുഖ്യമന്ത്രിക്കെതിരെ സ്ത്രീ ഉന്നയിച്ച പരാതി ചൂണ്ടിക്കാട്ടിയാണ് പി സി ചാക്കോയുടെ മറുപടി. ശശീന്ദ്രൻ എതിരെ വിവാദം ഉണ്ടാക്കിയാൽ തിരിച്ച് മറുപടി നൽകാൻ ഇഷ്ടംപോലെ ആയുധങ്ങൾ കൈവശം ഉണ്ട് എന്ന് പിസി ചാക്കോ അവകാശപ്പെടുന്നു. സോളാർ വിഷയം ഉൾപ്പെടെ പറയാതെ പറഞ്ഞാണ് ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെ പി സി ചാക്കോയുടെ ഒളിയമ്പ്.
advertisement
വിഷയത്തിൽ എൻസിപി തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് തുടർനടപടി ആലോചിക്കും. മന്ത്രി എ കെ ശശീന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് യോഗം അവസാനിപ്പിക്കാനാണ് സാധ്യത. അതേസമയം വിവാദം കൊണ്ടുവന്ന എതിർ വിഭാഗം യോഗത്തിൽ വിഷയം ശക്തമായി ഉന്നയിച്ചേക്കും. യോഗത്തിൽ തർക്കങ്ങൾക്ക് കാരണമായി വന്നാലും ഇടതുമുന്നണി ഉൾപ്പെടെ പിന്തുണ നൽകിയ സാഹചര്യത്തിൽ എ കെ ശശീന്ദ്രൻ രാജിവെക്കാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ഭാവിയിൽ ഈ വിഷയം വീണ്ടും ആയുധമാക്കാൻ ആകും എതിർവിഭാഗം ശ്രമിക്കുക. പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് സ്ത്രീപീഡന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി പോലീസിനെ അറിയിക്കാത്തത് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതായാലും തർക്കത്തിൽ തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം നിർണായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2021 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോൺ വിവാദത്തിൽ തന്നെയും ഉൾപ്പെടുത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് നോക്കിയെന്ന് പിസി ചാക്കോ; ഗൂഢാലോചന കെപിസിസി ഓഫീസിൽ