മഅദനി അൻവാർശ്ശേരിയിലെത്തി; വരവേറ്റത് വൻ ജനാവലി
- Published by:Rajesh V
- news18-malayalam
Last Updated:
വൈകിട്ട് 5.45നാണ് മഅദനി അൻവാർശ്ശേരിൽ എത്തിയത്. ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പിഡിപി പ്രവർത്തകർ അടങ്ങുന്ന ജനാവലി അദ്ദേഹത്തെ വരവേറ്റത്
കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊല്ലം അൻവാർശേരിയിൽ എത്തി. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിൻവലിച്ചതോടെയാണ് മഅദനി തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.45നാണ് മഅദനി അൻവാർശ്ശേരിൽ എത്തിയത്. ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പിഡിപി പ്രവർത്തകർ അടങ്ങുന്ന ജനാവലി അദ്ദേഹത്തെ വരവേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ അൻവാർശ്ശേരിയിൽ എത്തിയിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകരെ കണ്ടു സംസാരിച്ചു.
ഇന്ന് രാവിലെ 11.30 ഓടെ ബെംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ടായിരുന്നു.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി വേണമെങ്കിൽ പൊലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥ പരിഷ്‌കരിച്ച് ഉത്തരവിട്ടത്.
advertisement
Also Read- ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ
കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാൻ ഏപ്രില്‍ 17ന് മഅദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കി. കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെ ജൂൺ 26ന് അദ്ദേഹം ബെംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ യാത്ര ചെയ്യാനായില്ല. ഒടുവിൽ പിതാവിനെ കാണാനാകാതെ ബെംഗളൂരുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
July 20, 2023 7:51 PM IST