'സമാധാനവും സാഹോദര്യവും ജീവൻകൊടുത്തും നിലനിർത്തും'; കേരളം ഒറ്റക്കെട്ടെന്ന് സർവകക്ഷിയോഗത്തിലെ പ്രമേയം

Last Updated:

ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കുമെന്നും പ്രമേയത്തിൽ പറയുന്നു

സർവകക്ഷിയോഗം
സർവകക്ഷിയോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യം ജീവൻ കൊടുത്തും നിലനിർത്തുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം അംഗീകരിച്ച പ്രമേയം. കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. അത്തരക്കാരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.
എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് ഈ യോഗം വ്യക്തമാക്കുന്നു.
advertisement
പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും എന്ന് ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം.
advertisement
എല്ലാ ജാതി-മത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിൽക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.
ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടർത്താൻ പ്രതിബദ്ധമായ ശ്രമങ്ങൾക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിക്കുന്നു.
advertisement
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനങ്ങളോടാകെ അഭ്യർത്ഥിക്കുന്നു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യർത്ഥിക്കുന്നു. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം.
advertisement
സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമാധാനവും സാഹോദര്യവും ജീവൻകൊടുത്തും നിലനിർത്തും'; കേരളം ഒറ്റക്കെട്ടെന്ന് സർവകക്ഷിയോഗത്തിലെ പ്രമേയം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement