കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ ദിവസം കണ്ടുമുട്ടിവയരോട് പേര് ചോദിച്ചവരെല്ലാം കുറച്ചു നേരത്തെക്കെങ്കിലും ഒന്ന് ശങ്കിച്ചു പോയി കാണും. മൂന്ന് വയസ് പ്രായമുള്ള അഷ്റഫ് മുതല്‍ എണ്‍പതു കഴിഞ്ഞ അഷ്റഫ് വരെ.. ആകെ മൊത്തം ഒരു അഷ്റഫ് മയം. അഷ്റഫ് നാമധാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന തല സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ഇവര്‍. പല ജില്ലകളിൽ നിന്നെത്തിയ അഷ്റഫുമാർ ആശ്ലേഷിച്ചും സൊറപറഞ്ഞും കൂട്ടുകൂടിയും സംഗമം വേറിട്ടതാക്കി.. അഷ്റഫുമാരുടെ സംഗമം കാഴ്ച്ചക്കാരിലും കൗതുകം നിറച്ചു.
കോഴിക്കോട് കടപ്പുറത്ത് 3000 അഷ്റഫുമാർ ഒത്തുകൂടാനായിരുന്നു കൂട്ടായ്മയുടെ തീരുമാനം. സംസ്ഥാനമൊട്ടാകെ നടത്തിയ പ്രചാരണത്തിന് ശേഷം 2537 അഷ്റഫുമാർ സംഗമദിവസം കടപ്പുറത്ത് ഒത്തുകൂടി.ഒരേ പേരുള്ളവരുടെ ഏറ്റവും വലിയ കൂട്ടായ്മയാണിതെന്നും ബോസ്നിയക്കാരായ 2325 കുബ്രോസ്കിമാരുടെ പേരിലുള്ള റെക്കോർഡാണ് തിരുത്തി എഴുതിയതെന്നും സംഘാടകർ അവകാശപ്പെട്ടു. യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡ് 2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട് ഇവര്‍ കരസ്ഥമാക്കി.
അഷ്റഫ് കൂട്ടായ്മയ്ക്ക് പിന്നിലെ ചരിത്രം ഇങ്ങനെ….
2018 ജൂണിൽ തിരൂരങ്ങാടി താഴെ ചിനയിലെ കുറ്റിയിൽ കോംപ്ലക്സിൽ ആയിരുന്നു ആദ്യ അഷ്റഫ് യോഗം . മനരിക്കൽ അഷ്റഫിന്റെ വീട്ടു വരാന്തയിൽ സൊറ പറഞ്ഞിരിക്കാൻ വന്ന നാല് അഷ്റഫുമാർ ചായക്കടയിൽ പോയപ്പോൾ ചായക്കടക്കാരന്‍റെ പേരും അഷ്റഫ്. അവിടെ ചായ കുടിക്കാൻ വന്നയാൾ ഇവിടെന്താ അഷ്റഫ് സംഗമമോ എന്ന് ചോദിച്ചിടത്ത് നിന്ന് അഷ്റഫ് കൂട്ടായ്മ ജന്മമെടുത്തു പിന്നെ കമ്മിറ്റിയായി..ഭാരവാഹിയായി… വാട്സ് ആപ്പ് ഗ്രൂപ്പും ഫെയ്സ് ബുക്ക് കൂട്ടായ്മയുമായി. അവസാനം സംസ്ഥാന സംഗമം വരെയായി.
‘ലഹരിമുക്ത കേരളം’ പ്രമേയത്തിൽ നടത്തിയ സംസ്ഥാന മഹാസംഗമം തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അഷ്റഫുമാരുടെ കൂട്ടായ്മ കൗതുകത്തിനൊപ്പം നാടിന് സഹായകവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.