നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മണ്ഡലകാലത്ത് ഹെലികോപ്റ്ററിൽ സ്ത്രീകളെ എത്തിച്ചേക്കും

    മണ്ഡലകാലത്ത് ഹെലികോപ്റ്ററിൽ സ്ത്രീകളെ എത്തിച്ചേക്കും

    • Last Updated :
    • Share this:
      തിരുവനന്തപുരം: മണ്ഡലകാലത്ത് ദർശനം നടത്താനെത്തുന്ന സ്ത്രീകളെ ഹെലികോപ്റ്ററിൽ പമ്പയിൽ എത്തിക്കാനുള്ള സാധ്യത തേടി പൊലീസ്. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല ഓൺലൈൻ ബുക്കിങ്ങിലൂടെ ഇതിനോടകം പ്രായപരിധിക്ക് പുറത്തുള്ള(പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർ) 560 സ്ത്രീകൾ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ കേരളത്തിൽനിന്ന് മൂന്ന് സ്ത്രീകളൊഴികെ ബാക്കിയുള്ളവർ കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിങ്ങളിൽനിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് കുടുംബസമേതമാണ് ബുക്കിങ്ങുകൾ വന്നിട്ടുള്ളത്. എന്നാൽ ഇവർ ശബരിമലയിലേക്ക് വരുമ്പോൾ കനത്ത പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് ബദൽ മാർഗങ്ങൾ തേടുന്നത്.

      ഇത്തരത്തിൽ ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഹെലികോപ്റ്റർ മാർഗം പമ്പയിലെ ഹെലിപ്പാഡിൽ എത്തിക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നവംബർ 17നാണ് മണ്ഡല-മരകവിളക്കിനായി ശബരിമല നട തുറക്കുന്നത്. ഇതിന് മുന്നോടിയായി പൊലീസ് ഉൾപ്പടെ വിവിധ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹെലികോപ്റ്റർ മാർഗം സ്ത്രീകളെ എത്തിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.

      വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കും...

      പമ്പയിൽ എത്തുന്ന വാഹനഹനങ്ങൾക്ക് പാസ് നിർബന്ധമാക്കും. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. വാഹനങ്ങളുടെ വിൻഡോയിലാണ് പാസ് പതിക്കേണ്ടത്. പാസ് വാങ്ങാത്ത വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കുന്നതല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ടൂർ ഓപ്പറേറ്ററുടെയും ഡ്രൈവറുടെയും ഫോൺ നമ്പറും മേൽവിലാസവും രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാസ് നിർബന്ധമാക്കുന്നത്. പമ്പയിലെയും ശബരിമലയിലെയും കച്ചവടക്കാർക്ക് ഐഡി കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്താനുള്ള തീരുമാനം അന്യസംസ്ഥാന തീർഥാടകരുടെ കാര്യത്തിൽ എങ്ങനെ പ്രാവർത്തികമാക്കുമെന്ന സംശയം ബാക്കിനിൽക്കുന്നുണ്ട്.

      സ്വകാര്യവാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രം...

      തീർഥാടകരുടെ സ്വകാര്യവാഹനങ്ങൾ ബേസ് ക്യാംപായ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കുകയുള്ളു. പാസുമായി വരുന്ന വാഹനങ്ങൾക്ക് ഇവിടെ പാർക്കിങ് സൌകര്യം ഒരുക്കും. തീർഥാടകർക്ക് നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി ബസുകളിൽ പമ്പയിലേക്ക് പോകാം. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം www.keralartc.com എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പത്തുപേർക്കു വരെ ഒറ്റ ടിക്കറ്റ് എടുക്കാം. നേരിട്ട് ടിക്കറ്റ് എടുക്കാൻ നിലയ്ക്കലിൽ കെഎസ്ആർടിസി കൌണ്ടർ ഉണ്ടാകും. ദർശനസമയം കണക്കാക്കി 48 മണിക്കൂർ ഉപയോഗിക്കാവുന്ന, നിലയ്ക്കൽ–പമ്പ–നിലയ്ക്കൽ റൗണ്ട് ട്രിപ് ടിക്കറ്റ് ആണ് ഇത്തരത്തിൽ തീർഥാടകർക്ക് നൽകുക. 48 മണിക്കൂറിനുള്ളിൽ തീർഥാടകർ ദർശനം കഴിഞ്ഞു മടങ്ങുന്നതരത്തിലാണ് ടിക്കറ്റ് നൽകുക.
      ദർശനത്തിനുള്ള പ്രത്യേക ഓൺലൈൻ ടിക്കറ്റ് സംവിധാനം www.sabarimalaq.com ഇതിനകം ലഭ്യമാണ്. ഈ ഓൺലൈൻ ടിക്കറ്റ് ഉപയോഗിച്ച് തീർഥാടകർക്കു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനനൻ റോഡ് വഴി സന്നിധാനം നടപ്പന്തൽ വരെയെത്താം.

      വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ...

      പമ്പയിൽ സുരക്ഷയിലുളള പൊലീസുകാർക്ക് ആം ബാൻഡ് നിർബന്ധമാക്കും. പമ്പയിലും സന്നിധാനത്തും കേന്ദ്രസേന വിഭാഗങ്ങളെയും റാപിഡ് ആക്ഷൻ ഫോഴ്സിന്റെയും എൻഡിആർഎഫിന്റെയും രണ്ട് കമ്പനികളെ വിന്യസിക്കും. നിരീക്ഷണത്തിനായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഹെലികോപ്റ്ററുകൾ ഉപയോഗിക്കും., ഇതാനായി നാവികസേന, വ്യോമസേന എന്നിവയുടെ സഹായം പൊലീസ് തേടും.

      പ്രത്യേക സുരക്ഷാ മേഖലകൾ...

      മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

      'ശബരിമല'യിൽ വാഹനങ്ങൾക്ക് പാസ്; മണ്ഡലകാലത്ത് വ്യോമനിരീക്ഷണവും
      First published:
      )}