നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല'യിൽ വാഹനങ്ങൾക്ക് പാസ്; മണ്ഡലകാലത്ത് വ്യോമനിരീക്ഷണവും

  'ശബരിമല'യിൽ വാഹനങ്ങൾക്ക് പാസ്; മണ്ഡലകാലത്ത് വ്യോമനിരീക്ഷണവും

  sabarimala

  sabarimala

  • Last Updated :
  • Share this:
   തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ പുതിയ സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങൾ അതത് സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് പാസ് വാങ്ങി വിൻഡോയിൽ പതിക്കണം. ഈ പാസുള്ള വാഹനങ്ങൾക്ക് മാത്രമെ നിലയ്ക്കലിൽ പാർക്കിങ് അനുവദിക്കുകയുള്ളു. അതേസമയം അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളുടെ കാര്യം എങ്ങനെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിൽ വ്യോമനിരീക്ഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്റ്ററുകൾ നിരീക്ഷണം നടത്തും. ശബരിമലയിൽ ആദ്യമായാണ് വ്യോമനിരീക്ഷണം ഏർപ്പെടുത്തുന്നത്. പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യങ്ങളുള്ളത്. മണ്ഡല-മകരവിളക്ക് കാലത്തെ തീർഥാടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വിവിധ യോഗങ്ങളിലെ തീരുമാനങ്ങളാണ് പത്രകുറിപ്പിലൂടെ പുറത്തുവിട്ടത്.

   പമ്പയിൽ എത്തുന്ന വാഹനഹനങ്ങൾക്ക് പാസ് നിർബന്ധമാക്കും. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. വാഹനങ്ങളുടെ വിൻഡോയിലാണ് പാസ് പതിക്കേണ്ടത്. പാസ് വാങ്ങാത്ത വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കുന്നതല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലയ്ക്കലിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ടൂർ ഓപ്പറേറ്ററുടെയും ഡ്രൈവറുടെയും ഫോൺ നമ്പറും മേൽവിലാസവും രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാസ് നിർബന്ധമാക്കുന്നത്. പമ്പയിലെയും ശബരിമലയിലെയും കച്ചവടക്കാർക്ക് ഐഡി കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

   'സാമൂഹ്യ മുന്നേറ്റത്തെ എതിർക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാകും'

   തീർഥാടകരുടെ സ്വകാര്യവാഹനങ്ങൾ ബേസ് ക്യാംപായ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കുകയുള്ളു. പാസുമായി വരുന്ന വാഹനങ്ങൾക്ക് ഇവിടെ പാർക്കിങ് സൌകര്യം ഒരുക്കും. തീർഥാടകർക്ക് നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി ബസുകളിൽ പമ്പയിലേക്ക് പോകാം. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം www.keralartc.com എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പത്തുപേർക്കു വരെ ഒറ്റ ടിക്കറ്റ് എടുക്കാം. നേരിട്ട് ടിക്കറ്റ് എടുക്കാൻ നിലയ്ക്കലിൽ കെഎസ്ആർടിസി കൌണ്ടർ ഉണ്ടാകും. ദർശനസമയം കണക്കാക്കി 48 മണിക്കൂർ ഉപയോഗിക്കാവുന്ന, നിലയ്ക്കൽ–പമ്പ–നിലയ്ക്കൽ റൗണ്ട് ട്രിപ് ടിക്കറ്റ് ആണ് ഇത്തരത്തിൽ തീർഥാടകർക്ക് നൽകുക. 48 മണിക്കൂറിനുള്ളിൽ തീർഥാടകർ ദർശനം കഴിഞ്ഞു മടങ്ങുന്നതരത്തിലാണ് ടിക്കറ്റ് നൽകുക.
   ദർശനത്തിനുള്ള പ്രത്യേക ഓൺലൈൻ ടിക്കറ്റ് സംവിധാനം www.sabarimalaq.com ഇതിനകം ലഭ്യമാണ്. ഈ ഓൺലൈൻ ടിക്കറ്റ് ഉപയോഗിച്ച് തീർഥാടകർക്കു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനനൻ റോഡ് വഴി സന്നിധാനം നടപ്പന്തൽ വരെയെത്താം.

   പമ്പയിൽ സുരക്ഷയിലുളള പൊലീസുകാർക്ക് ആം ബാൻഡ് നിർബന്ധമാക്കും. പമ്പയിലും സന്നിധാനത്തും കേന്ദ്രസേന വിഭാഗങ്ങളെയും റാപിഡ് ആക്ഷൻ ഫോഴ്സിന്റെയും എൻഡിആർഎഫിന്റെയും രണ്ട് കമ്പനികളെ വിന്യസിക്കും.

   മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

   First published: