കോട്ടയം: ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ കൊല്ലുമെന്ന് കാട്ടി ഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കോട്ടയം വെസ്റ്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി എസ് വിജയന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം തിരുവഞ്ചൂരിന്റെ കോട്ടയത്തെ വസതിയിൽ കേസിൽ മൊഴി രേഖപ്പെടുത്തിയത്. കത്തിലെ ഭീഷണി സന്ദേശം പൊലീസിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈമാറി.
ഭീഷണിക്കത്ത് ഗൗരവമായി കാണുന്നതായി പിന്നീട് മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. അതേസമയം ഭീഷണി മുന്നിൽ ഉണ്ടെന്നു കരുതി ഭയപ്പെടുന്നില്ല. നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് തന്നെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. ജനങ്ങൾ തരുന്ന സംരക്ഷണത്തെക്കാൾ വലിയ സംരക്ഷണം വേറെ ഇല്ല എന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
'ടിപി കേസ് പ്രതികളുമായി ബന്ധം'
വധ ഭീഷണി കത്തിന് പിന്നിൽ ടിപി കേസ് പ്രതികൾക്കുള്ള ബന്ധം ആവർത്തിക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നും. ടിപി കേസ് അന്വേഷണ കാലയളവിൽ പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സിപിഎം ബന്ധമുള്ള കൊലയാളികളും ആയി സംഭവത്തെ ചേർത്തു വെക്കുന്നത്. വീണ്ടും കൊലപാതകങ്ങൾ നടത്തിയാലും പോകേണ്ട സ്ഥലത്ത് തന്നെ വീണ്ടും പോകണം എന്നല്ലേ ഉള്ളൂ എന്ന് അന്ന് പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
സമാനമായ വാക്കുകൾ ഇപ്പോൾ വന്ന വധഭീഷണി കത്തിലും ഉണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. കേരള പോലീസിന് സമർത്ഥരായ അന്വേഷണ സംഘം ആണ് ഉള്ളത്. അതുകൊണ്ടുതന്നെ കത്തിലെ ഉള്ളടക്കം കണ്ടെത്താൻ എളുപ്പം സാധിക്കും എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. ഏതു തരത്തിൽ അന്വേഷണം നടത്തണമെന്ന് അടക്കമുള്ള കാര്യങ്ങൾ പോലീസിന് തീരുമാനിക്കാം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വേണ്ട നടപടി എടുക്കും എന്നാണ് കരുതുന്നത്.
Also Read-
ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം 'വെള്ളം' ചേർത്തു; മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു പ്രതികൾ
ഭരണ തലപ്പത്തുള്ള ആൾ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയത്. കത്തിന്റെ ഒറിജിനൽ മുഖ്യമന്ത്രിക്ക് തന്നെ കൈ മാറിയതിന് പിന്നിൽ ഉള്ള ലക്ഷ്യം ഇതാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. എഡിജിപിയുടെ നിർദ്ദേശപ്രകാരം ആണ് പൊലീസ് സംഘം ഇന്ന് രാവിലെ തന്നെ എത്തി മൊഴി രേഖപ്പെടുത്തിയത്. കോട്ടയം വെസ്റ്റ് പൊലീസിന് കേസ് അന്വേഷണം കൈമാറിയിട്ടുണ്ട്. കേസിൽ മൊഴിയെടുത്ത സാഹചര്യത്തിൽ എഫ്ഐആർ ഇട്ട് അന്വേഷണം വേഗത്തിൽ ആക്കാനാണ് തീരുമാനം എന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണിക്കത്ത് വന്ന സംഭവം പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.