'ചോര വീഴ്ത്താൻ പദ്ധതി': രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാകേസ്
Last Updated:
കൊച്ചി: വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവിഴ്ത്താന്‍ നിരവധി പേര്‍ തയാറായിരുന്നെന്ന പരാമര്‍ശത്തിലാണ് കേസ്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങൾക്ക് പ്ലാൻ ബിയും സിയും ഉണ്ടായിരുന്നെന്നു രാഹുൽ വെളിപ്പെടുത്തിയത്. പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിൻമാറിയിരുന്നു.
തിരുവനന്തപുരം സ്വദേശി പ്രമോദിന്റെ പരാതിയില്‍ നിയപോദേശം നേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാർത്താസമ്മേളന ത്തിനിടെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
advertisement
അതേസമയം രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍ എന്ന വിഷജന്തു നാവെടുത്താല്‍ വിഷം വമിപ്പിക്കുന്ന വാക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നായിരുന്നു കടകംപള്ളിയുടെ പരാമര്‍ശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 7:12 PM IST