ശബരിമല: വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍; സമരവുമായി കോണ്‍ഗ്രസ്; നിലപാട് മയപ്പെടുത്തി ബി.ജെ.പി

Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും വ്യത്യസ്ത നിലപാടുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍.
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തപ്പോഴും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
കോടതി വിധി നടപ്പാക്കുമെന്നും സ്ത്രീ പ്രവേശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന നിലപാടുമായി  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും രംഗത്തെത്തിയത്.
മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡും നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ ശക്തിയും വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പന്തളത്തും പമ്പയിലും വന്‍ജനപങ്കാളിത്തമുണ്ടായതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. പ്രതിഷേധത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്.
advertisement
കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്
സ്ത്രീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധി വന്നതിനു പിന്നാലെ ആദ്യമേ തന്നെ നിലപാടു വ്യക്തമാക്കിയ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. പാര്‍ട്ടിയുടെ നിലപാട് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനാണ് പ്രഖ്യാപിച്ചത്.
സ്ത്രീ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിച്ച സുധാകരന്‍ ക്ഷേത്ര ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. ശബരിമല വിധിയുടെ ചുവടു പിടിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ആര്‍.എസ്.എസ് നിലപാടിനെ പിന്തുണയ്ക്കുന്ന സി.പി.എം നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.
advertisement
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രഖ്യാപിച്ചതോടെ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ള നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കപ്പെട്ടു.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍; സി.പി.എം അണികളില്‍ ആശയക്കുഴപ്പം
വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായത് സി.പി.എമ്മാണ്. ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാടൊന്നും പരസ്യമായി പ്രഖ്യാപിക്കാന്‍ ഇതുവരെ തയാറായിട്ടില്ലെങ്കിലും സി.പി.എം സര്‍ക്കാരിനൊപ്പമെന്നു വ്യക്തം.
അതേസമയം അണികളില്‍ നല്ലൊരു വിഭാഗം സുപ്രീം കോടതി വിധിക്ക് എതിരാണ്. ഇതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പവും സി.പി.എമ്മിലുണ്ട്. വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിലപാട് മാറ്റിയതും ചര്‍ച്ചയായിട്ടുണ്ട്. വിധിക്കെതിരായ നിലപാട് പ്രദേശിക നേതാക്കള്‍ക്കിടയിലും ശക്തമാണ്.
advertisement
നിലപാടില്‍ മലക്കം മറിഞ്ഞ് ആര്‍.എസ്.എസ്
ശബരിമല സ്ത്രീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് ആര്‍.എസ്എസ്. സുപ്രീം കോടതി വിധി മാനിക്കുന്നുണ്ടെങ്കിലും വിശ്വാസികളുടെ വികാരം കണക്കിലെടുക്കണമെന്നാണ് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ശബരിമലയിലേത് പ്രദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. സ്ത്രീ പ്രവേശനം വേണമെന്നതായിരുന്നു ശബരിമല വിഷയത്തില്‍ നേരത്തെ ആര്‍.എസ്.എസ് സ്വീകരിച്ച നിലപാട്.
അണികളെ ഭയന്ന് നിലപാട് മാറ്റി ബി.ജെ.പി
സുപ്രീം കോടതി വിധിക്കെതിരെ തുടക്കം മുതലെ കൃത്യമായ നിലപാടെടുക്കാനാകാത്ത അവസ്ഥയിലായിരുന്നു സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ ആര്‍.എസ്.എസ് നിലപാടാണ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ നിന്ന് ബി.ജെ.പിയെ അകറ്റിയത്. പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ അണികള്‍ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
advertisement
വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആവശ്യപ്പെടുകയും ചെയ്തു. സുപ്രീംകോടതിയില്‍ പുനപരിശോധനാഹര്‍ജി നല്‍കാനും നീക്കമുണ്ട്.
പ്രക്ഷേഭത്തിനില്ല, വിശ്വാസികള്‍ക്കൊപ്പമെന്ന് എസ്.എന്‍.ഡി.പി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന കോടതിവിധിക്കെതിരേ എസ്.എന്‍.ഡി.പി.യോഗം പരസ്യപ്രക്ഷോഭത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
വിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകില്ല. തന്റെ കുടുംബത്തിലെ ആരും ആചാരം തെറ്റിക്കില്ല. മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിശ്വാസികള്‍ക്കൊപ്പം എന്‍.എസ്.എസ്
സ്ത്രീ പ്രവേശന വിഷയത്തില്‍ പരസ്യമായി നിലപട് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിശ്വാസികള്‍ക്കൊപ്പമാണ് എന്‍.എസ്.എസ്. പന്തളത്തു നടന്ന ഭക്തസംഗമത്തിനും എന്‍.എസ്.എസിന്റെ പിന്തുണയുണ്ടായിരുന്നു. കരയോഗങ്ങളിലും വിധിക്കെതിരെ പ്രതിഷേധം ശക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍; സമരവുമായി കോണ്‍ഗ്രസ്; നിലപാട് മയപ്പെടുത്തി ബി.ജെ.പി
Next Article
advertisement
വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
വധശ്രമക്കേസിൽ പരോളിലെത്തിയ പിതാവിനെ സാക്ഷിയാക്കി മകള്‍ വക്കീലായി
  • മകളുടെ എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് പരോൾ

  • മലപ്പുറം സ്വദേശി അബ്ദുൾ മുനീറിനാണു എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി

  • മകളുടെ നേട്ടം കാണാൻ ഹൈക്കോടതിയിൽ അപേക്ഷിച്ച് പരോൾ നേടി

View All
advertisement