ADGP അജിത്കുമാറിനെതിരെ വീണ്ടും അൻവർ; 'സോളാർ കേസ് അട്ടിമറിച്ചു; കവടിയാറിൽ കൊട്ടാരസദൃശമായ വീട് വെക്കുന്നു'
- Published by:Rajesh V
- news18-malayalam
Last Updated:
അജിത് കുമാർ സൂപ്പർ ഡിജിപി ആണെന്നും തന്റെ പരാതി അന്വേഷിച്ച വിനോദ് കുമാർ ഇന്ന് പൊലീസിൽ പോലും ഇല്ലായെന്നും അൻവര്‍ പറഞ്ഞു
മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചത് എം ആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച ശബ്ദ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ ശബ്ദസന്ദേശവും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കേൾപ്പിച്ചു.
എം ആര്‍ അജിത് കുമാര്‍ കവടിയാര്‍ കെട്ടാരത്തിന്റെ കോംപൗണ്ടില്‍ സ്ഥലം വാങ്ങി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 12,000 സ്ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നതാണെന്നാണ് വിവരം. 75 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അന്‍വര്‍ ആരോപിച്ചു.
എടവണ്ണ കേസിൽ പൊലീസ് കഥ മെനഞ്ഞുവെന്നും പി വി അൻവർ പറഞ്ഞു. മരിച്ച റിധാന് കരിപ്പൂരിലെ സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ഏറെ വിവരങ്ങൾ ഉണ്ടായിരുന്നു. കരിപ്പൂരിൽ സ്വർണകള്ളക്കടത്ത് സംബന്ധിച്ച് അജിത് കുമാറിന് ബന്ധം ഉണ്ടെന്നും അൻവർ പറഞ്ഞു. റിധാന്റെ ഭാര്യയോട് പൊലീസ് വളരെ മോശമായാണ് പെരുമാറിയത്. മരിച്ച റിധാന്റെ ഭാര്യ പറയുന്നത് ഇപ്പോൾ കേസിൽ അറസ്റ്റിൽ ആയ ഷാൻ ഈ കുറ്റം ചെയ്തില്ല എന്നാണ്. കൊന്നു എന്ന് പറഞ്ഞു അറസ്റ്റ് ചെയ്ത ഷാനുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പറയിപ്പിക്കാൻ പോലീസ് മർദിച്ചുവെന്നും അൻവർ പറഞ്ഞു.
advertisement
അജിത് കുമാർ സൂപ്പർ ഡിജിപി ആണെന്നും തന്റെ പരാതി അന്വേഷിച്ച വിനോദ് കുമാർ ഇന്ന് പൊലീസിൽ പോലും ഇല്ലായെന്നും അൻവര്‍ പറഞ്ഞു.
മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ ആരോപണം നിയമോപദേശത്തിന് ശേഷമാണ് ഉന്നയിച്ചത്. വെളിവില്ലാതെ പറഞ്ഞതല്ല. സേനകളുടെ സന്ദേശങ്ങള്‍ ചോര്‍ത്തപ്പെട്ടാല്‍ 66 F ഇടാം എന്ന് തനിക്ക് നിയമോപദേശം ലഭിച്ചു. അതില്‍ മാധ്യമങ്ങള്‍ക്ക് വിവരാവകാശം നല്‍കാം.കെ സി വേണുഗോപാലിന്റെ നിർദേശപ്രകാരം അജിത് കുമാർ സരിതയെ ബ്രെയിൻ വാഷ് ചെയ്തുവെന്നും അങ്ങനെയാണ് മൊഴികൾ മാറിയതെന്നും കേസ് അട്ടിമറിക്കപ്പെട്ടതെന്നും ശബ്ദരേഖ ചൂണ്ടിക്കാട്ടി അൻവർ പറഞ്ഞു.
advertisement
അജിത്കുമാറിനെതിരെ ഒരു റിട്ടയർഡ് ജഡ്ജിയെ ഉൾപ്പെടുത്തി അന്വേഷണം നടത്തണം. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. അജിത്തിനെ ചുമതലയിൽ നിന്നും നീക്കി വേണം അന്വേഷണം നടത്താൻ. നല്ല സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. ഇന്നത്തോടെ ഒന്നാം ഘട്ട ഓപ്പറേഷൻ തല്ക്കാലം നിർത്തുകയാണെന്നും അൻവര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 02, 2024 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ADGP അജിത്കുമാറിനെതിരെ വീണ്ടും അൻവർ; 'സോളാർ കേസ് അട്ടിമറിച്ചു; കവടിയാറിൽ കൊട്ടാരസദൃശമായ വീട് വെക്കുന്നു'