'സോളാർ കേസ് അട്ടിമറിക്കാൻ എഡിജിപി വലിയ തുക കൈപ്പറ്റി; ഫ്ലാറ്റിടപാടിൽ കള്ളപ്പണം വെളുപ്പിച്ചു'; പി.വി. അൻവർ
- Published by:Rajesh V
- news18-malayalam
Last Updated:
33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റു. ഈ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നും അൻവർ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉൾപ്പെടെ വിജിലൻസ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അൻവർ എംഎൽഎ. അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും അൻവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നുവെന്നും ഇതിനായി പ്രതികളിൽ നിന്ന് വലിയ തുക കൈക്കൂലിയായി വാങ്ങിയെന്നും അൻവർ ആരോപിക്കുന്നു. ഫ്ലാറ്റിടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകൾ അജിത് കുമാറിനുണ്ടെന്നും പി വി അൻവർ പറഞ്ഞു.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെയാണ് എന്നതിന്റെ നേർരേഖ കൈവശമുണ്ട്. സോളാറിൽ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്. 2016 ൽ പട്ടം എസ് ആർ ഒയിൽ 33.8 ലക്ഷം രൂപയ്ക്ക് കവടിയാറിൽ അജിത് കുമാർ ഒരു ഫ്ലാറ്റ് വാങ്ങി. സ്വന്തം പേരിൽ 2016 ഫെബ്രുവരി19 നാണ് ഫ്ലാറ്റ് വാങ്ങിയത്. കൃത്യം പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ലാറ്റ് വിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റാണ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്. ഈ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
advertisement
റെക്കോർഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിളിക്കണമെങ്കിൽ പണം എവിടുന്ന് കിട്ടി. ഈ പണം സോളാർ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ള പണം വെളുപ്പിക്കലാണ് ഇടപാടിലൂടെ നടന്നത്. ഈ 10 ദിവസത്തിന് ഇടയിൽ ഇതെല്ലാം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണം. വലിയ നികുതി വെട്ടിപ്പ് ഇടപാടിൽ നടന്നിട്ടുണ്ട്. 55 ലക്ഷം രൂപ വിലയുളള ഫ്ലാറ്റ് എങ്ങനെ അജിത് കുമാറിന് എങ്ങനെ 33 ലക്ഷം രൂപ കിട്ടിയെന്ന് അന്വേഷിക്കണം. രേഖകൾ പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നടത്തിയിട്ടുണ്ട്. ഇതും വിജിലൻസ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഉടൻ പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി.
advertisement
അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കുമെന്നും അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 21, 2024 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോളാർ കേസ് അട്ടിമറിക്കാൻ എഡിജിപി വലിയ തുക കൈപ്പറ്റി; ഫ്ലാറ്റിടപാടിൽ കള്ളപ്പണം വെളുപ്പിച്ചു'; പി.വി. അൻവർ