പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ നെഹ്റു കുടുംബത്തിൻ്റെ വേദനയും അനുശോചനവും നേരിട്ട് അറിയിച്ച് രാഹുൽ ഗാന്ധി (Rahul Gandhi). കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശ്വാസവാക്കുകൾ അടങ്ങിയ കത്തും രാഹുൽ നൽകി.
തിങ്കളാഴ്ച രാത്രി എട്ടരയോടെ കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയ രാഹുൽ, ഹൈദരലി തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം 15 മിനിറ്റോളം ചെലവിട്ടു. തുടർന്ന് പുറത്തിറങ്ങിയ അദ്ദേഹം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പുതിയതായി നിയോഗിക്കപ്പെട്ട സാദിഖ് അലി ശിഹാബ് തങ്ങൾക്ക് സോണിയയുടെ സന്ദേശം കൈമാറി.
ഇംഗ്ലീഷിലുള്ള സന്ദേശം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. വായിച്ചു. സന്ദേശം വായിച്ചുതീർന്നതോടെ സാദിഖലി തങ്ങളെ ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ഇങ്ങനെയൊരന്തരീക്ഷത്തിൽ ഇവിടേക്ക് വരേണ്ടിവന്നതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് രാഹുൽ പറഞ്ഞു. "ഉന്നത നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹം രാഷ്ട്രീയനേതാവും ആത്മീയ നേതാവുമായിരുന്നു. നമ്മുടെ രാജ്യത്ത് അത് അത്യപൂർവമാണ്. തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നമ്മൾ അദ്ദേഹത്തിന്റെ പാത പിന്തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു " രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധി വന്നത് ഏറെ ആശ്വാസം പകരുന്നതാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തിലും തിരക്കുകൾ മാറ്റിവച്ച് വന്നത് തങ്ങളോടുള്ള സ്നേഹംകൊണ്ടാണെന്നും സാദിഖലി കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
സോണിയയുടെ സന്ദേശം ഇപ്രകാരം: "ഉന്നതവും മഹനീയവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന ഹൈദരലി തങ്ങളുടെ ദേഹവിയോഗം അഗാധ ദുഃഖത്തിലാഴ്ത്തി. ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആളായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും സമുദായത്തിന്റെയും പ്രശ്നങ്ങളും സ്വപ്നങ്ങളും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അവർക്കുവേണ്ടി പ്രതിബദ്ധതയോടെ ഊർജ്വസ്വലനായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത വിടവാണ്. എങ്കിലും ആ മഹത്തായ പാരമ്പര്യം വരുംതലമുറ നിലനിർത്തുമെന്ന് ഉറച്ച ബോധ്യമുണ്ട്." ആദ്യമായാണ് നെഹ്റു കുടുംബത്തിലെ ഒരു അംഗം പാണക്കാട് തറവാട് സന്ദർശിക്കുന്നത്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.പി. അനിൽകുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. അധ്യക്ഷൻ വി.എസ്. ജോയി തുടങ്ങിയവരും ഒപ്പമുണ്ടായി.
ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.പി. അബ്ദുൾ സമദ് സമദാനി എം.പി., എം.എൽ.എമാരായ കെ.പി.എ. മജീദ്, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ തുടങ്ങിയവരും മറ്റു നേതാക്കളും പാണക്കാട്ടെത്തി. കുട്ടികളടക്കം നിരവധി പരിസരവാസികളും രാഹുലിനെ കാണാനെത്തി. മലപ്പുറം ഡിവൈ.എസ്.പി. പി.എം. പ്രദീപിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Panakkad hyderali shihab thangal, Panakkad Thangal, Rahul gandhi