Rain Alert | അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വെള്ളിയാഴ്ച ഏഴു ജില്ലകളിലും ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നേരത്തെ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു പ്രവചനം. അതേസമയം സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. എന്നാല്‍ കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും കേരള തീരത്ത് 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. എന്നാല്‍ കാറ്റിന്റെ ഗതിയെക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച ഏഴു ജില്ലകളിലും ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുതെന്നും നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്നവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശം നല്കി. ന്യൂനമര്‍ദം ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും ചെറിയ വെള്ളപ്പൊക്കങ്ങളും രൂപപ്പെടാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ മൂലം അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. അതേസമയം കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വൈദ്യുത വകുപ്പിനും ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
ആശുപത്രികളില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ വരുന്ന മുറക്ക് യുദ്ധകാലടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്ക് ഫോഴ്സുകള്‍ തുടങ്ങിയവ വൈദ്യുത വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇ ഓ സിയുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2021 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rain Alert | അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത