News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 6, 2021, 3:55 PM IST
ചെന്നിത്തല, കോടിയേരി
തിരുവനന്തപുരം: തനിക്കെതിരായ ഐ ഫോൺ വിവാദത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പൻ നൽകിയ ഫോൺ ഭാര്യ ഉപയോഗിക്കുമ്പോഴാണ് കോടിയേരി തനിക്കാണ് സന്തോഷ് ഈപ്പൻ ഫോൺ നൽകിയതെന്ന അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ശരിയെന്നു വ്യക്തമാവുകയാണ്. കേരളത്തില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇപ്പോൾ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷം പറഞ്ഞ എല്ലാകാര്യങ്ങളും സത്യമായി വരുകയാണ്. നേരത്തെ മൗനം പാലിച്ച കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ തലപൊക്കുന്നത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. കേരളത്തില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും സ്പീക്കറും അറിഞ്ഞുകൊണ്ടാണ് ഡോളര്‍ കച്ചവടം നടന്നതെന്ന് കേസിലെ ഒന്നാംപ്രതി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരേയുള്ള കണ്ടെത്തലുകള്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രിക്ക് പുറമേ സ്വര്‍ണക്കടത്തില്‍ പങ്കുള്ള മറ്റു മൂന്ന് മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. മുഖ്യപ്രതിയുടെ രഹസ്യമൊഴിയിൽ പറയുന്ന മൂന്നു മന്ത്രിമാർ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിനിടെ ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രംഗത്തെത്തി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി പറയുന്നത്. അതേസമയം താൻ സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നാണ് സന്തോഷ് ഈപ്പനും വ്യക്തമാക്കുന്നത്.
നേരത്തെ നൽകിയ ആറ് ഐ ഫോണുകളിൽ ഒന്ന് സന്തോഷ് ഈപ്പൻ്റെ കൈവശം തന്നെയുണ്ടെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിലാണ്, സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയത്. കോൺസൽ ജനറലിന് കൈമാറാൻ വാങ്ങിയ ഫോൺ എങ്ങനെ തൻ്റെ കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പൻ അന്ന് വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോൺ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.
വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതി ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ അഞ്ചെണ്ണം ആരുടെയൊക്കെ കൈവശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ആറാമത്തെ മൊബൈൽ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നു. ഇതിനിടെയാണ് വിവാദമായ ആപ്പിൾ ഐഫോൺ 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള മൊബൈൽ ഫോൺ തൻ്റെ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പൻ ഇ ഡി യ്ക്ക് മുൻപാകെ വ്യക്തമാക്കിയത്. മൊബൈൽ ഫോണും സീരിയൽ നമ്പരും നേരിട്ട് ഇ.ഡിയെ കാണിച്ച് വ്യക്തത വരുത്തുകയും ചെയ്തു. യഥാർത്ഥത്തിൽ യു.എ.ഇ കോൺസൽ ജനറലിന് നൽകാനായി കൈമാറിയതാണ് ഒരു ലക്ഷത്തി എണ്ണായിരം രൂപ വിലയുള്ള ഈ ഫോൺ. എന്നാൽ തനിക്ക് വേണ്ടത് മറ്റൊരു മോഡലാണെന്ന് കോൺസൽ ജനറൽ പറഞ്ഞതോടെ, അത് തിരുവനന്തപുരത്തു നിന്ന് വാങ്ങി നൽകി. ഇതെ തുടർന്ന് നേരത്തെ നൽകിയ ഫോൺ കോൺസൽ ജനറൽ തിരിച്ച് ഏല്പിച്ചു. ഇതാണ് ഇപ്പോൾ സന്തോഷ് ഈപ്പൻ്റെ കൈവശമുള്ളത്. യു. എ. ഇ ദിനാഘോഷത്തിൽ രമേശ് ചെന്നിത്തല ഫോൺ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോൺ നൽകി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്.
Published by:
Aneesh Anirudhan
First published:
March 6, 2021, 3:55 PM IST