HOME » NEWS » Kerala » RAMESH CHENNITHALA WITH A FACEBOOK POST ON VISMAYA S DEATH

'മരിച്ച വിസ്മയയെക്കാള്‍, ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാര്‍ നമ്മുടെ ചുറ്റിലുമുണ്ട്'; രമേശ് ചെന്നിത്തല

സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി നില കൊള്ളുന്ന നമ്മുടെ സമൂഹത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 22, 2021, 3:27 PM IST
'മരിച്ച വിസ്മയയെക്കാള്‍, ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാര്‍ നമ്മുടെ ചുറ്റിലുമുണ്ട്'; രമേശ് ചെന്നിത്തല
ramesh chennithala
  • Share this:
തിരുവനന്തപുരം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച യുവതിയുടെ മതാപിതാക്കളെ സന്ദര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിയായ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി നില കൊള്ളുന്ന നമ്മുടെ സമൂഹത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പെണ്മക്കള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നേടിയെടുക്കാന്‍ സഹായിക്കുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Also Read-'ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത്'; കെ സുധാകരന്‍

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തില്‍ ശരീരവും മനസും നൊന്ത് ജീവനൊടുക്കിയ വിസ്മയയുടെ മാതാപിതാക്കളെ വീട്ടിലെത്തി കണ്ടു. കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞു, വിങ്ങിക്കരയുന്ന അച്ഛന്‍ ത്രിവിക്രമന്‍ നായരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിയായ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ഫോണില്‍ സംസാരിച്ചു. റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

നമ്മുടെ നാട്ടിലെ എത്രയോ സ്ത്രീകളെ മരണത്തിലേക്കും നിരന്തരമായ ഗാര്‍ഹിക പീഡനത്തിലേക്കും തള്ളിയിടുന്ന ക്രൂരമായ ഏര്‍പ്പാടാണ് സ്ത്രീധനം. പ്രാകൃതമായ ഈ സമ്പ്രദായം പെണ്‍കുട്ടികളെ നിത്യദു:ഖത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്.

നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും വാങ്ങാനും കൊടുക്കാനും ആളുണ്ട്. ഇതിന്റെ പേരിലെ വഴക്കും മരണവും മാതാപിതാക്കളുടെ മന:സമാധാനം നശിപ്പിക്കുകയും തീരാദു:ഖത്തിലേക്ക് വീഴ്ത്തുകയുമാണ് ചെയ്യുന്നത്.

സാധാരണ കുടുംബങ്ങളില്‍ സ്ത്രീധനം മൂലമുണ്ടാകുന്ന ആവലാതികള്‍ ചെറുതല്ല. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ ഇന്നും ഇവിടെ ശക്തമായി നിലനില്‍ക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി നില കൊള്ളുന്ന നമ്മുടെ സമൂഹത്തിന് അപമാനമാണ്. ഇത്തരം ദുരവസ്ഥകള്‍ക് അവസാനം കണ്ടേ മതിയാകൂ.

ഒരു പെണ്‍കുട്ടിയുടേയും അഭിമാനവും വ്യക്തിത്വവും സമ്പത്തിന്റെ പേരില്‍ ആരുടെയും മുന്നില്‍ അടിയറവ് വയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകരുത്. പെണ്മക്കള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നേടിയെടുക്കാന്‍ സഹായിക്കുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. തുല്യരായി സ്ത്രീകള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനാവുന്ന സമൂഹത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ രാഷ്ട്രീയ ഇടപെടലും ഉണ്ടാകണം.

ഭര്‍ത്തൃഗൃഹങ്ങളില്‍ ചവിട്ടി മെതിക്കപ്പെടുന്ന നമ്മുടെ പെണ്‍കുട്ടികളുടെ നിലവിളികളെ ഇനിയും കേള്‍ക്കാതെ ഇരുന്നു കൂടാ.

മരിച്ച വിസ്മയയെക്കാള്‍,ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാര്‍ നമ്മുടെ ചുറ്റിലുമുണ്ട് എന്ന് മറക്കരുത്.

ഇനിയൊരു മാതാപിതാക്കളുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴരുത്.


വിസ്മയയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.
Published by: Jayesh Krishnan
First published: June 22, 2021, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories