'വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദവും വിഘടനവാദവും പ്രചരിപ്പിക്കുന്നു': കേസരി മുഖ്യപത്രാധിപര്‍
- Published by:Rajesh V
- news18-malayalam
Last Updated:
'വളർന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവക്കുന്ന കലാഭാസമായി ഇത് അരങ്ങുവാഴുകയാണ്. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്'
കൊല്ലം: റാപ്പര്‍ വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരി വാരികയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു. വേടന്‍റേത് വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യമാണെന്നും വളർന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി ഇത് അരങ്ങുവാഴുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്രത്തിലെ വേദിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം.
Also Read- 'ഷവർമ അല്ല ശവവർമ; ആക്രാന്തംമൂത്ത് ഇത് തിന്നു ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്': കേസരി മുഖ്യപത്രാധിപർ
‘നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോയെന്നും സംശയിക്കണം. കഴിഞ്ഞദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടവും പാട്ടും കൂത്തുമുണ്ടായിരുന്നെന്നാണ് അറിഞ്ഞത്. ആളുകൾ കൂടാൻ വേടന്‍റെ പാട്ട് വെക്കുന്നവർ ഒരുപക്ഷേ, ആളുകൂടാൻ കാബറെ ഡാൻസും അമ്പലപ്പറമ്പുകളിൽ വെക്കും. വേടനോട് വ്യക്തിപരമായ വിരോധമൊന്നുമില്ല. പക്ഷേ വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യമാണ്. വളർന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവക്കുന്ന കലാഭാസമായി ഇത് അരങ്ങുവാഴുകയാണ്. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്.
advertisement
സൂക്ഷ്മമായി പഠിച്ചാൽ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നംകണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്നത് കൃത്യമാണ്. അത്തരം കലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്തുതോൽപിക്കാൻ നമുക്ക് കഴിയണം' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
May 13, 2025 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദവും വിഘടനവാദവും പ്രചരിപ്പിക്കുന്നു': കേസരി മുഖ്യപത്രാധിപര്‍