കെ.വി തോമസിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമമെന്ന് അഭ്യൂഹം
Last Updated:
കെ.വി തോമസ് സമ്മതം മൂളിയാൽ എറണാകുളത്ത് സ്ഥാനാർത്ഥി ആയേക്കുമെന്നും സൂചന
കൊച്ചി: എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എം.പി കെ വി തോമസിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം ശക്തമാക്കിയതായി അഭ്യൂഹം. കെ.വി തോമസ് സമ്മതം മൂളിയാൽ എറണാകുളത്ത് സ്ഥാനാർത്ഥി ആയേക്കുമെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം കെ.വി തോമസുമായി ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്ന ടോം വടക്കനാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വം കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങളിൽ നിന്ന് പ്രചരിക്കുന്ന വാർത്ത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം കെ.വി തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമം തുടങ്ങി. കെ.വി തോമസിനെ മുകുൾ വാസ്നിക് ഫോണിൽ വിളിച്ചു. സോണിയ ഗാന്ധിയെ നേരിൽ കാണാൻ മുകുൾ വാസ്നിക് കെ.വി തോമസിന് നിർദ്ദേശം നൽകി. എന്നാൽ സുഹൃത്തുക്കളുമായി ആലോചിച്ച് തുടർ തീരുമാനമെടുക്കുമെന്ന് കെ.വി തോമസ് പറഞ്ഞു. കൂടിക്കാഴ്ചക്ക് എത്തിയ രമേശ് ചെന്നിത്തലയെ കെവി തോമസ് പ്രതിഷേധം അറിയിച്ചു.
advertisement
എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്. ഒരു സൂചന പോലും നൽകാതെ തന്നെ ഒഴിവാക്കിയതിൽ ദുഃഖവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ആരോഗ്യവും പ്രവർത്തനശേഷിയുമുണ്ടെന്നും പൊതു പ്രവർത്തനരംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു.
തന്നെ കറിവേപ്പിലയാക്കാൻ ആർക്കും കഴിയില്ല. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടു പോകും. തന്നെ ഒഴിവാക്കിയത് ഞെട്ടലായി. ഒഴിവാക്കുമെന്ന സൂചനകളൊന്നും നൽകിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖമെന്നും കെ.വി തോമസ് പറഞ്ഞു. പ്രായമായത് തെറ്റല്ല. പാർട്ടിക്ക് വേണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും. തന്‍റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും കെ.വി തോമസ് പറഞ്ഞിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2019 10:37 AM IST