നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ (Sabarimala Airport Project) സാമൂഹിക ആഘാത പഠന റിപ്പോർട്ട് (Social Impact Study Report ) പുറത്ത്. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 221 കുടുംബങ്ങൾ ഉൾപ്പടെ 474 വീടുകൾ പൂർണമായും കുടിയിറക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. റബ്ബർ ഉൾപ്പെടെ മുന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം. അതേ സമയം മതിയായ നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു. പദ്ധതി 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ടു ബാധിക്കും.
ഇത് കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളും കുടിയിറങ്ങണം.എസ്റ്റേറ്റിലും പുറത്തുമായി തേക്കും. പ്ലാവും, ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം. ഇതിൽ കൂടുതലും റബ്ബര്‍ മരങ്ങളാണ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുപ്പ് നടത്തേണ്ടി വരിക.
ആകെ 1,039.8 ഹെക്ടർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിലും 123.53 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നുമാണ് വേണ്ടത്. ഒരു പള്ളിയും, ഒരു എൽ പി സ്കൂളും ഏറ്റെടുക്കേണ്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിംഗ് ജൂൺ 12, 13 തീയതികളിൽ നടക്കും. പദ്ധതിമൂലം ഉണ്ടാകുന്ന ഗുണം പരിഗണിച്ച് വിമാനത്താവളവുമായി മുന്നോട്ട് പോകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.