ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനു വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിമാനത്താവളത്തിനായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്.
Also Read- ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറന്‍സ് അനുവദിച്ചു
Great news for tourism and especially spiritual tourism. https://t.co/Adk1MIUMN1
— Narendra Modi (@narendramodi) April 18, 2023
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങൾക്കു തൃപ്തികരമായ മറുപടി നൽകിയതോടെയാണ് ക്ലിയറൻസ് ലഭിച്ചത്. എസ്റ്റേറ്റ് യോജ്യമെന്നുള്ള അനുമതി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലാണ് അടുത്തഘട്ടം.
Also Read- ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; പരിസ്ഥിതി ആഘാത പഠനം തുടരുന്നു
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയാറാക്കൽ, നിർമാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കൽ, കൺസൽറ്റൻസി നിയമനം എന്നിവയാണ് ഇനി വേണ്ടത്. ഭൂമിയേറ്റെടുത്തു കഴിഞ്ഞാൽ നിർമാണത്തിനുള്ള ടെണ്ടർ നടപടികളിലേക്ക് നീങ്ങാം.
പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ശബരിമലയിലേത്. തിരുവനന്തപുരത്തുനിന്ന് 138 കിലോമീറ്ററും കൊച്ചിയിൽനിന്ന് 113 കിലോമീറ്ററും കോട്ടയത്തേക്ക് 40 കിലോമീറ്ററാണുള്ളത്. 48 കിലോമീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍നിന്നും ശബരിമലയിലേക്കുള്ളത്. ലക്ഷക്കണക്കിന് തീർത്ഥാടകര്‍ക്ക് പുറമേ സമീപ ജില്ലക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. പരിസ്ഥിതി മന്ത്രാലയത്തിന്റേതടക്കമുള്ള അനുമതികള്‍ വിമാനത്താവളത്തിന് ഇനി ലഭിക്കേണ്ടതുണ്ട്. വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്.
ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണു സർക്കാർ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സംസ്ഥാന സർക്കാരും ബിലീവേഴ്സ് ചർച്ച് അധികൃതരും തമ്മിൽ പാലാ കോടതിയിൽ തുടരുകയാണ്. എസ്റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശവാസികളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.